Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴക്കേസ്: പ്രതികളുടെ ഫോൺ രേഖ ചോർന്നതിൽ സിബിഐക്ക് നോട്ടിസ്

delhi-high-court

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ആരോപണം ഉയർന്ന മെഡിക്കൽ കോഴക്കേസിലെ പ്രതികളുടെ ഫോൺ രേഖ ചോർന്നതിൽ സിബിഐക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സിബിഐക്ക് സുപ്രീംകോടതി നിർദേശം നൽകി. ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി ഉൾപ്പെടെയുള്ളവരുടെ സംഭാഷണം ചോർന്ന സംഭവത്തിലാണു നടപടി. അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ മുൻ ജഡ്ജിയാണ് ഹർജി സമർപ്പിച്ചത്.

2004 മുതൽ 2010 വരെ ഒഡീഷ ഹൈക്കോടതി ജഡ്ജിയായിരുന്ന ഇശ്റത്ത് മസ്റൂർ ഖുദ്ദുസിയെ കഴിഞ്ഞ വർഷം സിബിഐ അറസ്റ്റു ചെയ്തിരുന്നു. പ്രസാദ് മെഡിക്കൽ കോളജിന് അനുകൂലമായി വിധി സമ്പാദിക്കുന്നതിനു കോടതിയെ സ്വാധീനിക്കാൻ ഖുദ്ദുസി പണം കൈപ്പറ്റിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ വസതിയിൽ ഉള്‍പ്പെടെ എട്ടിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഹവാലപ്പണമായ ഒരു കോടി രൂപയും കണ്ടെടുത്തിരുന്നു.

പ്രവേശനം സർക്കാർ വിലക്കിയ രാജ്യത്തെ 46 മെഡിക്കൽ കോളജുകളിലൊന്നാണു ലക്നൗവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. 2019 വരെ രണ്ട് അധ്യയന വർഷത്തേക്കു പ്രവേശനം വിലക്കിയതിനു പുറമേ ബാങ്ക് ഗാരന്റിയായി നൽകിയിരുന്ന രണ്ടു കോടി രൂപ കണ്ടുകെട്ടാനും തീരുമാനിച്ചിരുന്നു. സർക്കാർ ഉത്തരവിനെതിരെ കോളജ് സുപ്രീം കോടതിയിൽ ഹർജി നൽകി. സുപ്രീം കോടതിയിൽ കോളജിന് അനുകൂലമായി കേസ് തീർപ്പാക്കുന്നതിനു റിട്ട. ജഡ്ജിയുടെ സഹായത്തോടെ ഉന്നതസ്വാധീനം ചെലുത്താൻ ഇടനിലക്കാരനായ ബി.പി. യാദവ് പദ്ധതിയിട്ടെന്നാണ് കേസ്.