Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിൻ വീണ്ടും; തീയതി പിന്നീട്

Ernakulam - Rameshwaram Special Train

കൊച്ചി∙ എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിൻ വീണ്ടും സർവീസ് ആരംഭിക്കുന്നു. 2018ലെ ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിനുകളുടെ പട്ടികയിലാണു ട്രെയിൻ ഇടംപിടിച്ചത്. ഓടിത്തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ശക്തമായതോടെയാണു സ്പെഷൽ ഓടിക്കാനുള്ള നിർദേശം റെയിൽവേ മുന്നോട്ടുവച്ചത്.

കഴിഞ്ഞവർഷം സ്പെഷൽ സർവീസായി ഓടിച്ചപ്പോൾ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. വിവിധ സംഘടനകൾ ട്രെയിൻ സ്ഥിരം സർവീസാക്കണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ, റേക്കില്ലെന്ന കാരണം പറഞ്ഞു സർവീസ് ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. എറണാകുളത്തുനിന്നു വൈകിട്ടു നാലു മണിക്കു പുറപ്പെട്ടിരുന്ന സർവീസ് രാത്രി എട്ടരയ്ക്കു പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കണമെന്നാണു പ്രധാന ആവശ്യം. പുലർച്ചെ നാലിന് രാമേശ്വരത്ത് എത്തുന്നതിനാൽ പാമ്പൻ പാലത്തിലൂടെയുള്ള യാത്ര ആസ്വദിക്കാൻ കഴിയുന്നില്ലെന്നാണു പരാതി. മധുരയിൽ എത്തുന്നതും അസമയത്താണ്.

രാത്രി 8.20ന് എറണാകുളത്തുനിന്നു പുറപ്പെട്ട് 11 മണിക്കു പാലക്കാട്ടും രാവിലെ അഞ്ചിന് മധുരയിലും എട്ടിന് രാമേശ്വരത്തും എത്തുന്ന തരത്തിൽ സർവീസ് നടത്തണമെന്നു യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മടക്ക സർവീസ് രാമേശ്വരത്തു നിന്നു രാത്രി 9.30ന് പുറപ്പെട്ട് രാവിലെ അഞ്ചിന് പാലക്കാട്ടും എട്ടരയോടെ എറണാകുളത്തും എത്തണം. തിരുവനന്തപുരം– പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്കു നീട്ടിയെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണു എറണാകുളം കടന്നുപോകുന്നത്. മധ്യകേരളത്തിലുള്ളവർക്ക് അമൃത നീട്ടിയതു ഗുണം ചെയ്തിട്ടില്ല.

പകരം, എറണാകുളം– രാമേശ്വരം ട്രെയിൻ പ്രതിദിനമാക്കുകയാണു പോംവഴി. നവീകരണം പൂർത്തിയായ കൊച്ചിൻ ഹാർബർ ടെർമനസിൽനിന്നു സ്ഥിരം സർവീസ് ആരംഭിക്കാമെന്ന സൗകര്യവും ഇപ്പോഴുണ്ട്. പഴനി, മധുര, രാമേശ്വരം എന്നീ മൂന്നു തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കേരളത്തിൽ നിന്നുള്ള ഏക സർവീസാണിത്. രാത്രിയിൽ സൗകര്യപ്രദമായ സമയത്തു ട്രെയിനില്ലാത്തതിനാൽ തെക്കൻ തമിഴ്നാട്ടിലേക്കുള്ള യാത്രക്കാർ ഇപ്പോൾ അമിതനിരക്കു നൽകി സ്വകാര്യബസുകളെയാണു ആശ്രയിക്കുന്നത്.

related stories