Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയ്ക്കു വേണ്ടി ചാരപ്പണി; മുൻ സിഐഎ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

CIA

വാഷിങ്ടൻ∙ ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ മുൻ സിഐഎ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. ജെറി ചുൻ ഷിങ് ലീ എന്ന ഷെൻ ചെങ് ലീ (53) ആണ് തിങ്കളാഴ്ച രാത്രി ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. അമേരിക്കയുടെ ചാരന്മാരെ ചൈന തിരിച്ചറിയാൻ തുടങ്ങിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.

1994നും 2007നും ഇടയിലാണ് യുഎസ് ചാരസംഘടനയായ സിഐഎയിൽ ലീ ജോലി ചെയ്തിരുന്നത്. യുഎസ് പൗരത്വം നേടിയിട്ടുള്ള ലീ, ഹോങ്കോങ്ങിലായിരുന്നു താമസം. അതീവ രഹസ്യമായ ദേശീയ പ്രതിരോധ വിവരങ്ങളെ നിയമവിരുദ്ധ പ്രവൃത്തിക്ക് ഉപയോഗിച്ചെന്നതാണ് കുറ്റം. തെളിയിക്കപ്പെട്ടാൽ പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കും. 2012 ഓഗസ്റ്റിലാണ് ലീയും കുടുംബവും ഹോങ്കോങ് വിട്ട് യുഎസിൽ തിരിച്ചെത്തിയത്. ഈ യാത്രയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഹവായ്, വിർജീനിയ എന്നിവിടങ്ങളിൽ ലീ താമസിച്ച ഹോട്ടലുകളിൽ എഫ്ബിഐ നടത്തിയ പരിശോധനയിൽ സംശയകരമായ വിവരങ്ങൾ ലഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച രേഖകൾ ലഗേജിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. സിഐഎ ജീവനക്കാരുടെ മൊബൈൽ നമ്പരുകളും മേൽവിലാസവും കൈപ്പടയിൽ എഴുതിയതും, രഹസ്യ യോഗസ്ഥലങ്ങളുടെ വിവരങ്ങളും മിനിറ്റ്സും രേഖപ്പെടുത്തിയതുമായ രണ്ട് പുസ്തകങ്ങളാണ് പ്രധാനമായും ഇയാളിൽനിന്ന് കണ്ടെടുത്തത്.

സിഐഎയ്ക്കു വിവരങ്ങളെത്തിക്കുന്നവരെപ്പറ്റി ചൈനയ്ക്കു ചോർത്തി നൽകുകയാണ് ഇതിലൂടെ ലീ ചെയ്തിരുന്നതെന്നാണ് ആരോപണം. സിഐഎ ഉദ്യോഗസ്ഥരുടെയും ചാരന്മാരുടെയും കള്ളപ്പേരുകൾക്കു പകരം യഥാർഥ പേരുകളാണ് പുസ്തകത്തിൽ ഉണ്ടായിരുന്നതെന്നതും സംശയത്തിന് ആക്കംകൂട്ടി. സമീപകാലത്തായി ചൈനയിൽ ഡസനിലേറെ സിഐഎ ചാരന്മാർ കൊല്ലപ്പെടുകയോ ജയിലിലാവുകയോ ചെയ്തിരുന്നു. ലീയുടെ സഹായം ചൈനയ്ക്കു കിട്ടിയിട്ടുണ്ടാകുമെന്നാണ് യുഎസ് കരുതുന്നത്.