Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാത്മാഗാന്ധി മഹത് പ്രവാചകനെന്ന് നെതന്യാഹു; ആവേശം നിറച്ച് റോഡ് ഷോ

Netanyahu-Wife-and-Modi സബർമതി ആശ്രമത്തിൽ സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഭാര്യ സൈറയ്ക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി.

അഹമ്മദാബാദ്∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഗുജറാത്തിൽ വൻ വരവേൽപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും നെതന്യാഹുവും ചേർന്നുള്ള റോഡ് ഷോയ്ക്ക് ആയിരക്കണക്കിനു പേരാണു സാക്ഷ്യം വഹിക്കാനെത്തിയത്. റോഡ് ഷോയോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഉറപ്പാക്കിയിരുന്നു.

സർദാർ വല്ലഭായി പട്ടേല്‍‍ എയർപോര്‍ട്ടിൽ നിന്നു കാറിലായിരുന്നു യാത്ര. നെതന്യാഹുവിനൊപ്പം ഭാര്യ സൈറയുമുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ അൻപതിടങ്ങളിൽ ഒരുക്കിയ വേദികളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. എട്ടു കിലോമീറ്റർ നീണ്ട യാത്ര മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിൽ അവസാനിച്ചു.

ലോകം കണ്ട മഹത് പ്രവാചകരിൽ ഒരാളായിരുന്നു ഗാന്ധിയെന്ന് നെതന്യാഹു പറഞ്ഞു. ആശ്രമത്തിലേക്കുള്ള യാത്ര ഏറെ പ്രചോദനം പകരുന്നതായിരുന്നെന്നും അദ്ദേഹം സന്ദർശക പുസ്തകത്തില്‍ കുറിച്ചു. 20 മിനിറ്റോളം ആശ്രമത്തിൽ ചെലവിട്ടാണ് നെതന്യാഹും ഭാര്യയും മടങ്ങിയത്.

ഗുജറാത്തിൽ മകര സംക്രാന്തിയോടനുബന്ധിച്ചുള്ള പട്ടംപറത്തൽ ഉത്സവം അവസാനിച്ച സമയത്തായിരുന്നു ഇസ്രയേൽ പ്രസിഡന്റിന്റെ സന്ദർശനം. മോദി സമ്മാനിച്ച പട്ടങ്ങൾ പറത്താനും നെതന്യാഹുവും ഭാര്യയും സമയം കണ്ടെത്തി.

മോദിയുടെ ക്ഷണം സ്വീകരിച്ച് ഗുജറാത്തിലേക്കെത്തുന്ന ലോകനേതാക്കളിൽ മൂന്നാമത്തെയാളാണ് നെതന്യാഹു. നേരത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഗുജറാത്ത് സന്ദർശിച്ചിട്ടുണ്ട്.

related stories