Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലാസം തിരുത്തി പുതുച്ചേരി വാഹനങ്ങൾ; കേരളത്തിനു നേട്ടം ഒൻപതു കോടി

vehicle

തിരുവനന്തപുരം∙ പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്തിയ വാഹനങ്ങള്‍ കേരളത്തിലെ വിലാസത്തിലേക്ക് മാറ്റിയപ്പോള്‍ നികുതിയായി സര്‍ക്കാരിന് ലഭിച്ചത് ഒന്‍പതു കോടി രൂപ. കഴിഞ്ഞ ആഴ്ച മാത്രം നാലര കോടി രൂപയാണ് ഗതാഗതവകുപ്പിന് ഇങ്ങനെ കിട്ടിയത്. 2017 നവംബര്‍ മുതല്‍ കേരളത്തിലെ വിലാസത്തിലേക്ക് 88 വാഹനങ്ങളാണ് റജിസ്ട്രേഷന്‍ മാറ്റിയത്.

പുതുച്ചേരി റജിസ്ട്രേഷനുള്ള 2,357 വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ കണ്ടെത്തൽ‍. സൗത്ത് സോണില്‍ 180, സെന്‍ട്രല്‍ സോണില്‍ 948, തൃശൂര്‍ സോണില്‍ 267, കോഴിക്കോട് സോണില്‍ 962. വ്യാജമേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ജനുവരി 15 മുതല്‍ കസ്റ്റഡിയിലെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയശേഷം നിരത്തുകളില്‍നിന്നു പുതുച്ചേരി വാഹനങ്ങള്‍ അപ്രത്യക്ഷമായതായി ഗതാഗതവകുപ്പ് പറയുന്നു. പലരും വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. വാഹനങ്ങളുടെ പുറകേ പോകുന്നത് പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തിലെ റോഡുകളില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാനാണ് നിര്‍ദേശം. 

2,357 വാഹന ഉടമകള്‍ക്കും നോട്ടിസ് കൊടുത്തിട്ടുണ്ട്. പലരും മറുപടി നല്‍കിയിട്ടുമുണ്ട്. നിയമപരമായി റജിസ്റ്റര്‍ ചെയ്തതാണെന്ന വാദമാണ് മിക്കവരും ഉന്നയിക്കുന്നത്. ‘‘2357 വാഹന ഉടമകളില്‍ എല്ലാവരും നികുതിവെട്ടിച്ചവരല്ല. ചിലര്‍ നിയമപ്രകാരം പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ നടത്തിയവരാണ്. രേഖകള്‍ പരിശോധിച്ചശേഷം അന്തിമപട്ടിക തയാറാക്കും. ഇതിനു സമയമെടുക്കും.’’- ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

വകുപ്പിന്റെ നികുതി പിരിവിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 3,800 കോടിയാണ് നികുതി ഇനത്തില്‍ ഗതാഗതവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ 70% പിരിച്ചെടുക്കാനായി. മാര്‍ച്ചിനകം 90 ശതമാനത്തിനു മുകളില്‍ പിരിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗതാഗതവകുപ്പ്.