Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻഗണനാ റേഷൻ പട്ടികയിൽ ‘കടന്നുകൂടിയ’ ലക്ഷം പേർ ഭക്ഷ്യവകുപ്പിന്റെ വലയിൽ

Ration-Card റേഷൻ കാർഡ്. (പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം∙ അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് വാങ്ങിയവരെ കണ്ടെത്താന്‍ തദ്ദേശവകുപ്പിന്റെ സഹായത്തോടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ‘മണിമാളികകൾ‍’ ഉള്ള ഒരു ലക്ഷം പേര്‍ കുടുങ്ങി. ഭക്ഷ്യസുരക്ഷാനിയമപ്രകാരം 1,000 ചതുരശ്രഅടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കു മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ല. പ്രാഥമിക പരിശോധനയില്‍ ഒരു ലക്ഷംപേരെയാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും പരിശോധന തുടരുകയാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ മാത്രം 1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുകളുള്ള 23,319 ഉപഭോക്താക്കളെ കണ്ടെത്തി. ഇതില്‍ 20,252 പേര്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവരും (പിങ്ക് കാര്‍ഡ്) 3,067 പേര്‍ അന്ത്യോദയ  അന്നയോജന (എഎവൈ) കാര്‍ഡുകാരുമാണ്. ഇവരെ പട്ടികയിൽ നിന്നൊഴിവാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റുള്ള ജില്ലകളില്‍ പരിശോധന പുരോഗമിക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥർ‍, സ്വന്തമായി കാറുള്ളവർ, ആയിരം ചതുരശ്രഅടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവർ, ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവർ‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവരൊന്നും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടില്ല. എന്നാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കി ആയിരക്കണക്കിനാളുകള്‍ മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.

നാലുചക്ര വാഹനമുള്ള 37,429 പേര്‍ മുന്‍ഗണനാപട്ടികയില്‍ കയറിക്കൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ 4,342 പേര്‍ അന്ത്യോദയ  അന്നയോജന (എഎവൈ) വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിനെത്തുടര്‍ന്ന് 43,396 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ഗണനാപട്ടികയില്‍നിന്ന് ഒഴിഞ്ഞുപോയിരുന്നു. സംസ്ഥാനത്ത് ആകെ 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്.

ഭക്ഷ്യവകുപ്പ് കണ്ടെത്തിയ ക്രമക്കേടിന്റെ പട്ടിക വായിക്കാം..

സംസ്ഥാനത്തുള്ള റേഷന്‍ കാര്‍ഡുകൾ‍:

∙അന്ത്യോദയ - അന്നയോജന വിഭാഗം

മഞ്ഞ കാര്‍ഡ് - ആകെ കുടുംബങ്ങള്‍ 5.95 ലക്ഷം. 35 കിലോ ധാന്യം ഓരോ കുടുംബത്തിനും സൗജന്യമായി നല്‍കുന്നു. 28 കിലോ അരിയും 7 കിലോ ഗോതമ്പും വീതം.

∙മുന്‍ഗണനാ വിഭാഗം

പിങ്ക് കാര്‍ഡ് -29.06 ലക്ഷം കാര്‍ഡുകള്‍. ഓരോ വ്യക്തിക്കും 5 കിലോ ധാന്യം.  4 കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സമ്പൂര്‍ണ സൗജന്യ നിരക്കില്‍ നല്‍കുന്നു. (ഒരു കാര്‍ഡില്‍ 4 അംഗങ്ങള്‍ എങ്കില്‍ 20 കിലോ ധാന്യം. ഒരു കാര്‍ഡില്‍ 10 അംഗങ്ങള്‍ ഉണ്ടെങ്കില്‍ 50 കിലോ ധാന്യം ലഭിക്കും).

∙മുന്‍ഗണനേതര വിഭാഗം (സംസ്ഥാന സബ്സിഡി)

നീല കാര്‍ഡ്  - 29.35 ലക്ഷം കാര്‍ഡുകൾ‍. ഓരോ അംഗത്തിനും 2 കിലോ അരി, 1 കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ഓരോ കാര്‍ഡിനും. അരി 2 രൂപ നിരക്കിലും ആട്ട 15 രൂപ നിരക്കിലും നല്‍കിവരുന്നു. നിരക്കുകൾ: ഗോതമ്പ് - 6.70 രൂപ, അരി - 8.90 രൂപ, ആട്ട - 15 രൂപ.