Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീനെ ഇനി സഹായിക്കാനില്ല; വിഹിതം വെട്ടിച്ചുരുക്കുമെന്ന് യുഎസ്

Donald Trump

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ സഹായനിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കുമെന്ന് യുഎസ്. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 65 മില്യണ്‍ ഡോളർ നല്‍കിയാല്‍ മതിയെന്നാണു തീരുമാനം. പലസ്തീന് ആവശ്യത്തിനു സാമ്പത്തിക സഹായം നല്‍കിയിട്ടും അതു സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതാണു സാമ്പത്തിക സഹായം വെട്ടിച്ചുരുക്കാന്‍ യുഎസിനെ പ്രേരിപ്പിച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍.

സമ്പന്നരായ മറ്റു രാജ്യങ്ങൾ രംഗത്തുവന്നു മേഖലയിലെ സമാധനത്തിനും സ്ഥിരതയ്ക്കുമായി ഫണ്ട് കൊടുക്കണമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഇത് ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ നൗവെർട്ട് പറഞ്ഞത്. യുന്നിന്റെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) ഏറ്റവുമധികം സംഭാവന നൽകിയിരുന്നത് യുഎസ് ആയിരുന്നു. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ലെബനൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ കഴിയുന്ന പലസ്തീൻകാരുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് യുഎൻആർഡബ്ല്യുഎ ഫണ്ട് ചെലവഴിക്കുന്നത്.

അതേസമയം, ഏജൻസി ഇസ്രയേലിനതിരെ പോരാടുന്ന പലസ്തീൻകാർക്കായി പക്ഷപാതപരമായി പെരുമാറുകയാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ഫണ്ട് കുറയുന്നത് ഏജൻസിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതോടെ ലക്ഷക്കണക്കിനു പലസ്തീൻകാർക്ക് അഭയം നൽകിയ ജോർദാനിലും അതു പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം മേഖലയിൽ അസ്ഥിരത സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ സഹായധനത്തിൽ വരുത്തുന്ന കുറവും സ്ഥിതിഗതികൾ കൈവിട്ടുപോയേക്കാമെന്ന അവസ്ഥ സൃഷ്ടിക്കുന്നു.