Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; അന്വേഷണം അവസാനിപ്പിച്ചേക്കും

km-mani

കൊച്ചി∙ കേരള രാഷ്ട്രീയത്തെ ഏറെക്കാലം പിടിച്ചുകുലുക്കിയ ബാർ കോഴക്കേസിന്റെ അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചേക്കും. മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നാണു റിപ്പോർട്ട്. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. വിജിലൻസിന്റെ പ്രത്യേക സംഘമാണു കേസ് അന്വേഷിച്ചത്.

അതിനിടെ, അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനു വിജിലൻസ് സംഘത്തിനു ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചു. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. കോഴ ആരോപണത്തിൽ തെളിവില്ലെന്ന് ആദ്യം നടത്തിയ അന്വേഷണത്തിലും പിന്നീടു നടത്തിയ അന്വേഷണത്തിലും വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നീടു വീണ്ടും തുടരന്വേഷണത്തിന് അനുമതി നൽകിയതിനെതിരെ കെ.എം. മാണി നൽകിയ ഹർജിയിലാണ് ഇന്നു കോടതി 45 ദിവസത്തെ സാവകാശം നൽകിയത്. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനുമാണ് കോടതി നൽകിയിരിക്കുന്നത്.

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവരുടെ പരാതിയിലാണു വിജിലൻസ് അന്വേഷണം നടക്കുന്നത്. മുൻമന്ത്രി കെ.എം. മാണി ബാറുടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 148 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണു ബിജു രമേശിന്റെ ആരോപണം. കെ.എം. മാണിയെ കുറ്റവിമുക്തനാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ആർ. സുകേശൻ നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അതിനെതിരെ പരാതിക്കാർ വിജിലൻസ് കോടതിയെ സമീപിച്ചാണു തുടരന്വേഷണ അനുമതി നേടിയെടുത്തത്.