Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി കഴിഞ്ഞ് ചെലമേശ്വറെത്തി; സമവായ ചർച്ചകൾ വീണ്ടും തുടങ്ങി

Jasti Chelameswar along with justice Ranjan Gogoi ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വറും രഞ്ജൻ ഗൊഗോയിയും

ന്യൂഡൽഹി∙ പ്രതിസന്ധി പരിഹരിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റു ജഡ്ജിമാരുമായി വീണ്ടും ചർച്ച നടത്തി. കോടതി ചേരുന്നതിനു മുൻപുള്ള ചായസൽക്കാരത്തിന്റെ സമയത്തായിരുന്നു ചർച്ച. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വർ തിരിച്ചെത്തിയതോടെയാണ് സമവായ ചർച്ചകൾ പുനഃരാരംഭിച്ചത്. ജഡ്ജിമാരുടെ ആവശ്യങ്ങളോട് ചീഫ് ജസ്റ്റിസ് അനുഭാവപൂർവം പ്രതികരിച്ചെന്നാണു സൂചന.

പനിയായതിനാൽ ജസ്റ്റിസ് ചെലമേശ്വർ ഇന്നലെ അവധിയായിരുന്നു. അതിനാൽ ചർച്ച നടന്നില്ല. എന്നാൽ ചീഫ് ജസ്റ്റിസ് മുൻകൈയെടുത്തു തുടങ്ങിയ ചർച്ച തുടരാൻ തയാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും പരിഹാരശ്രമം നടത്തുന്നുണ്ട്.

അതേസമയം, സുപ്രീംകോടതിയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ വിലക്കണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചില്ല. മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം കേൾക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.

അതേസമയം, സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ പറഞ്ഞു. പ്രധാനപ്പെട്ട വലിയ പ്രശ്നങ്ങൾ നിരവധിയുണ്ട്. അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വകാര്യ കേസുകളിൽ ആശങ്കകളില്ല. പ്രശ്നങ്ങൾ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വർ കൂട്ടിച്ചേർത്തു.

സുപ്രധാനമായ കേസുകള്‍ പരിഗണിക്കുന്നതിനുളള ബെഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ചട്ടം രൂപീകരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കിയിരുന്നു.

related stories