Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധക്കരുത്ത് ചെന്നൈയിലേക്ക്; ഡിഫൻസ് എക്സ്പോ ‘പറിച്ചുനട്ട്’ നിർമലയും

Nirmala-Sitharaman

ചെന്നൈ∙ ഏഷ്യയിലെ ഏറ്റവും വലിയ കര, നാവിക സൈനിക ആയുധങ്ങളുടെ പ്രദർശന മേളയായ ഡിഫൻസ് എക്‌സ്‌പോയുടെ 10–ാം പതിപ്പിന് ചെന്നൈ വേദിയാകും. ചെന്നൈയിൽ നടക്കുന്ന പ്രതിരോധ വ്യവസായ വികസന സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 2018 ഏപ്രിൽ 11 മുതൽ 14 വരെയാണ് ഡിഫൻസ് എക്സ്പോ.

എൺപതിലധികം രാജ്യങ്ങൾ ഡിഫൻസ് എക്സ്പോയുടെ പത്താം പതിപ്പിൽ ആയുധക്കരുത്തു പ്രദര്‍ശിപ്പിക്കും. 2016 വരെ ന്യൂഡൽഹി കേന്ദ്രീകരിച്ചു നടന്ന ഡിഫൻസ് എക്സ്പോ മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ നാടായ ഗോവയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട്ടുകാരിയായ നിർമല സീതാരാമൻ ഡിഫൻസ് എക്സ്പോയുടെ പുതിയ പതിപ്പിന്റെ വേദി ചെന്നൈയിലേക്ക് മാറ്റുന്നത്.

ആയുധ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ രാജ്യം വേദിയൊരുക്കുന്ന ഡിഫൻസ് എക്‌സ്‌പോയുടെ പ്രാധാന്യം വലുതാണ്. ലോകത്തെ വമ്പൻ ആയുധ നിർമാതാക്കൾക്കു സ്വന്തം സാങ്കേതികമികവ് തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്‌താവിനു മുൻപിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമാണിത്. 

അത്യാധുനിക തോക്കുകൾ, സൈനിക ഉപകരണങ്ങൾ, മറ്റ് ആയുധങ്ങൾ, വാഹനങ്ങൾ തുടങ്ങി ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയുടെ ശക്‌തി കൂടി തെളിയിക്കുന്നതാകും പ്രദർശനം. കേന്ദ്ര പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 2018ൽ എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ സൈനിക ഉപകരണ നിർമാണ കമ്പനികളും റഷ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയുധ നിർമാണ രംഗത്തെ വമ്പൻമാരും എക്‌സ്‌പോയ്ക്കെത്തും.

related stories