Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും ജിഎസ്ടി കുറച്ചു

Arun Jaitley | GST Meeting അരുൺ ജയ്റ്റ്‌ലി ജിഎസ്ടി കൗൺസിൽ യോഗത്തിൽ.

ന്യൂഡൽഹി∙ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കു മുൻപായി നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോളിയം, റിയൽ എസ്റ്റേറ്റ് മേഖലയെക്കൂടി ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമായില്ല. 29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും ജിഎസ്ടി കുറയ്ക്കാൻ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായി. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ, ബയോ – ഡീസൽ, മധുരപലഹാരങ്ങൾ തുടങ്ങിയവയുടെയും ജിഎസ്ടി കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ജനുവരി 25 മുതൽ പ്രാബല്യത്തിൽവരും.

ചില ജോലികൾ, തയ്യൽ, തീം പാർക്കുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ സേവനങ്ങളുടെ ജിഎസ്ടിയും കുറച്ചിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളെ ജിഎസ്ടിയുടെ പരിധിയിൽപ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു.

സെക്കൻഡ് ഹാന്‍ഡ് മീഡിയം, ലാർജ് കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടി 28 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറച്ചു. അതേസമയം, മറ്റുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ നികുതി 12 ശതമാനമായി നിലനിർത്തി. വജ്രം, രത്നങ്ങൾ തുടങ്ങിയവയുടെ വില മൂന്നു ശതമാനത്തിൽനിന്നു 0.25% ആക്കിക്കുറച്ചു. ബയോ ‍ഡീസലിന്റെ നികുതി 18ൽനിന്നു 12 ശതമാനമാക്കി. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന്റെ നികുതി 28 ശതമാനത്തിൽനിന്നു 18 ആക്കിയും കുറച്ചിട്ടുണ്ട്.

25–ാമതു ജിഎസ്ടി കൗൺസിലിൽ നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി 18ൽനിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ചില കൃഷി ഉപകരണങ്ങൾക്കും നിരക്ക് കുറച്ചു. ഇപ്പോൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള മദ്യം, ഇന്ധനം, ഭൂമി റജിസ്ട്രേഷൻ, മോട്ടോർവാഹന നികുതി തുടങ്ങിയവയിൽ വലിയ ചർച്ച ഉണ്ടായില്ലെന്നാണ് അറിയുന്നത്. ജിഎസ്ടി ഫയലിങ് ലളിതവും എളുപ്പവുമാക്കുന്നതു ചർച്ച ചെയ്യാൻ ഒരാഴ്ചയ്ക്കകം കൗൺസിലിന്റെ വിഡിയോ കോൺഫറൻസിങ് നടക്കും. റിട്ടേൺ ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ ഇൻഫോസിസ് നോൺ – എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനി അവതരിപ്പിച്ചു. ഫെബ്രുവരി ഒന്നിനു നടക്കുന്ന ബജറ്റിനു മുന്നോടിയായിരിക്കും ഈ വിഡിയോ കോൺഫറൻസിങ്.

ഇ–വേ ബില്ലിന്റെ പരീക്ഷണം 25 വരെ തുടരും. ഫെബ്രുവരി ഒന്നുമുതൽ നിർബന്ധമാക്കും. സംസ്ഥാനത്തിനുള്ളിലെ ഇ–വേ ബില്ലിന് 15 സംസ്ഥാനങ്ങൾ അംഗീകാരം നൽകി. 35,000 കോടി രൂപ ഐജിഎസ്ടിയായി പിരിച്ചെടുത്തു.