Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുൽഭൂഷനെ ഐഎസ്ഐ ഇറാനിൽനിന്ന് തട്ടിയെടുത്തു; സാക്ഷികളുണ്ടെന്ന് ബലൂച് നേതാവ്

Kulbhushan Yadav

ന്യൂ‍ഡൽഹി∙ ഇറാനിൽ വ്യാപാരം നടത്തിയിരുന്ന ഇന്ത്യക്കാരൻ കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന ഇന്ത്യയുടെ വാദത്തെ ശരിവച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ. പാക്ക് ചാരസംഘടനയായ ഐഎസ്ഐ തങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന മുല്ല ഒമർ ബലൂച് ഇറാനിയെന്ന ആളുടെ സഹായത്താൽ ജാദവിനെ തട്ടിയെടുക്കുകയാണെന്നാണു വെളിപ്പെടുത്തൽ. ദേശീയമാധ്യമത്തോടു ബലൂച് പ്രവർത്തകൻ മാമാ ഖാദിർ ബലൂചാണ് ഇന്ത്യയുടെ വാദഗതികൾ സാധൂകരിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ അങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന വോയ്സ് ഫോർ മിസ്സിങ് ബലൂച്സ് എന്ന സംഘടനാശൃംഖലയിൽനിന്നുള്ള വിവരങ്ങൾ വച്ചാണു ഖാദിർ ബലൂച് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇദ്ദേഹമാണ് ഈ സംഘടനയുടെ ഉപാധ്യക്ഷൻ. ഇറാനിലെ ഛബഹാർ തുറമുഖ പട്ടണത്തിൽനിന്നാണു ജാദവിനെ തട്ടിയെടുത്തത്. ബലൂച് പ്രക്ഷോഭകരെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ഐഎസ്ഐയെ സഹായിക്കുന്നയാളാണു മുല്ല ഒമർ. ഇയാളെ ഭീകരരുടെ ഗണത്തിലാണു ബലൂച് പ്രവർത്തകർ പെടുത്തിയിരിക്കുന്നത്. പണത്തിനുവേണ്ടി ഐഎസ്ഐയുടെ ചാരനായി പ്രവർത്തിക്കുകയാണ് ഇയാൾ. കോടിക്കണക്കിനു രൂപ ഈ തട്ടിക്കൊണ്ടുപോകലിൽ മുല്ല ഒമറിനു നൽകിയിട്ടുണ്ടെന്നാണു വിശ്വസനീയ വിവരം, ഖാദിർ ബലൂച് അറിയിച്ചു.

തട്ടിക്കൊണ്ടുപോയപ്പോൾ, കുൽഭൂഷൻ ജാദവിന്റെ കൈകൾ കെട്ടി, കണ്ണുമൂടിക്കെട്ടി കാറിലേക്ക് തള്ളിയിടുകയായിരുന്നു. ഛബഹാറിൽനിന്ന് ഇറാൻ – ബലൂചിസ്ഥാൻ അതിർത്തിയിലെ മാഷ്കെലിലെത്തിച്ചു. അവിടെനിന്നു പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലും പിന്നീട് ഇസ്‌ലാമാബാദിലും എത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഡബിൾ ഡോർ കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു. മാഷ്കെലിൽവച്ചാണ് ഇയാളെ ഐഎസ്ഐക്കു കൈമാറിയത്. പിന്നീട് ജാദവിനെ ബലൂചിസ്ഥാനിൽവച്ചു പിടികൂടിയെന്ന് ഐഎസ്ഐ അവകാശപ്പെടുകയായിരുന്നു. ജാദവ് ജീവിതത്തിൽ ഒരിക്കൽപ്പോലും ബലൂചിസ്ഥാനിൽ എത്തിയിരുന്നില്ലെന്നു തന്റെ സംഘടനാ സംവിധാനം വച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായതായും ഖാദിർ ബലൂച് അറിയിച്ചു. ഇറാനിലെ വ്യാപാരി എന്ന നിലയ്ക്കു കുൽഭൂഷൻ ജാദവിനെ അറിയാം. മുല്ല ഒമർ ആണ് ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോയത്.

കറാച്ചിയിലാണു മുല്ല ഒമർ താമസിക്കുന്നത്. ബലൂച് പ്രക്ഷോഭകർ മൂന്നുതവണയോളം ഇയാളെ കൊലപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, നിരവധി കൂട്ടാളികൾ കൊല്ലപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ബലൂചിസ്ഥാനിൽ ആരൊക്കെ പ്രവേശിക്കുന്നുവെന്നും പുറത്തുപോകുന്നുവെന്നും ഐഎസ്ഐ അറിയാറുണ്ട്. എല്ലായിടത്തും ചെക്ക്പോസ്റ്റുകളുണ്ട്. ഒരു വിദേശിപോലും ഐഎസ്ഐയുടെ അറിവില്ലാതെ ബലൂചിസ്ഥാനിൽ പ്രവേശിക്കില്ല.

ഐഎസ്ഐയുടെ തന്ത്രമാണ് ആളുകളെ തട്ടിക്കൊണ്ടുപോകുക എന്നത്. തന്റെ മകനെയും അവർ തട്ടിക്കൊണ്ടുപോയി. 2009ലായിരുന്നു ഇത്. മൂന്നു വർഷങ്ങൾക്കുശേഷം അവന്റെ മൃതദേഹമാണു ഞങ്ങൾക്കു ലഭിച്ചത്. ബലൂച് പ്രക്ഷോഭകരെ തട്ടിക്കൊണ്ടുപോകാൻ ഐഎസ്ഐ ഭീകരസംഘടനകൾക്കു പണം നൽകുന്നുണ്ട്. 40,000 – 45,000 വരെ ബലൂചുകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതിനു വ്യക്തമായ സാക്ഷികളുമുണ്ടെന്നും ഖാദിർ ബലൂച് കൂട്ടിച്ചേർത്തു.

ആവശ്യപ്പെട്ടാൽ ജാദവിനുവേണ്ടി നിയമസഹായം നൽകാൻ ‘വോയ്സ് ഓഫ് മിസ്സിങ് ബലൂച്’ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജാദവിന്റെ നിരപരാധിത്വം തെളിയിക്കാൻ സാക്ഷികളെ ഹാജരാക്കാം. അതിർത്തികടന്നു ബലൂചിസ്ഥാനിൽ ജാദവ് എത്തിയിട്ടില്ല, പിന്നെങ്ങനെ അദ്ദേഹത്തിന് ആക്രമണങ്ങളിൽ പങ്കുണ്ടാകും?, ഖാദിർ ബലൂച് ചോദിച്ചു.