Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം ചൈനീസ് ഉത്പന്നം; മുടിയൻമാരായ മരുമക്കളെ ഓർമിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

K-Surendran

കോഴിക്കോട്∙ ചൈനയുടെയും ഉത്തര കൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണ് ആഭിമുഖ്യമെന്നു പ്രഖ്യാപിച്ച സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നം പോലെയാണു കമ്യൂണിസ്റ്റ് പാർട്ടി. അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ജന്മനാ ഇന്ത്യാവിരുദ്ധ പാർട്ടിയാണതെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു. കുടുംബശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയൻമാരായ മരുമക്കളെ ഓർമിപ്പിക്കുന്നതാണു സിപിഎമ്മിന്റെ ചരിത്രം. വെറുതെയല്ല ഇന്ത്യൻ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്തു നിർത്തിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ചൈനയെ തകർക്കാൻ ജപ്പാൻ, ഒാസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചേർന്ന് അമേരിക്ക അച്ചുതണ്ടു രൂപീകരിച്ചിരിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായപ്പോൾ, സിപിഎം രാജ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്നവർ അവരുടെ സാമ്രാജ്യത്വ പക്ഷപാതിത്വമാണു വ്യക്തമാക്കുന്നത് എന്നായിരുന്നു മറുപടി. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി വർധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച രീതിയിൽ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

കെ. സുരേന്ദ്രന്റെ കുറിപ്പിൽനിന്ന്:

ഒരു കടയിൽചെന്നു വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാൻപോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനൽ തന്നെ അല്ലേ, ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അതു വെറും ചോദ്യമല്ല. ശരാശരി ഇന്ത്യക്കാരനു ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണിത്. ഈ അടുത്തകാലത്തു ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉൽപന്നങ്ങളും ഉപയോഗിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നു റിപ്പോർട്ടുകൾ കണ്ടിരുന്നു. കുട്ടികൾക്കു ചൈനീസ് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കരുതെന്നു ചിലരെങ്കിലും മുന്നറിയിപ്പു നൽകുന്നതും കണ്ടിരുന്നു.

പറഞ്ഞുവന്നത് അതല്ല. കോടിയേരിയുടെയും സിപിഎം നേതാക്കളുടെയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേൽപ്പറഞ്ഞ സംഗതികൾ സിപിഎമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്റ്റുകാരനെയും ശരാശരി ഇന്ത്യൻ പൗരൻ കാണുന്നതു ചൈനീസ് ഉത്പന്നത്തെ കാണുന്നപോലെത്തന്നെയാണ്. ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡന്റിറ്റി എളുപ്പം തേച്ചുമാച്ചുകളയാൻ കഴിയുന്നതല്ല.

എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്നതുമായ ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ സമ്പദ്ഘടനയ്ക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണു കമ്യൂണിസ്റ്റ് പാർട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്. അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാർട്ടിയാണത്. കുടുംബശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയൻമാരായ മരുമക്കളെ ഓർമിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവൻ. വെറുതെയല്ല ഇന്ത്യൻ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിർത്തിയിരിക്കുന്നത്.