Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വില വർധന: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

Private Bus

തിരുവനന്തപുരം∙ ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് 24നു വാഹന പണിമുടക്ക് സംഘടിപ്പിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണു പണിമുടക്കുന്നത്. 

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിമായി കുതിച്ചുയരുകയാണ്. വില വീണ്ടും ഉയരുമെന്നാണു സൂചന. പെട്രോളിയം കമ്പനികള്‍ക്കു കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നത്. രാജ്യാന്തര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടായതിന്‍റെ പേരു പറഞ്ഞാണു യാതൊരു നീതികരണവുമില്ലാത്ത രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത്. മോട്ടോര്‍ തൊഴിലാളികളും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമാണ് ഇതുമൂലം നരകയാതന അനുഭവിക്കുന്നത്. വലിയ വിലക്കയറ്റത്തിന് ഈ വിലവര്‍ധന ഇടയാക്കും.

ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്നു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. റോഡ് ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിനു മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

പണിമുടക്ക് വിജയിപ്പിക്കാന്‍ ജനറല്‍ കണ്‍വീനര്‍ കെ കെ ദിവാകരന്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു (എഐടിയുസി), അഡ്വ. ഇ. നാരായണന്‍ നായര്‍, വി.ആര്‍. പ്രതാപന്‍ (ഐഎന്‍ടിയുസി), അഡ്വ. ടി.സി. വിജയന്‍ (യുടിയുസി), മനയത്ത് ചന്ദ്രന്‍, മനോജ് ഗോപി (എച്ച്എംഎസ്), വികെഎ തങ്ങള്‍ (എസ്ടിയു), മനോജ് പെരുമ്പള്ളി, (ജനതാ ട്രേഡ് യൂണിയന്‍, സലിം ബാബു (ടിയുസിഐ)

തൊഴിലുടമാസംഘം നേതാക്കളായ ലോറന്‍സ് ബാബു, ടി. ഗോപിനാഥന്‍, വി.ജെ. സെബാസ്റ്റ്യന്‍, പി.കെ. മൂസ, എം.ബി. സത്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി, ജോസ് കുഴിപ്പില്‍, നൗഷാദ് ആറ്റുപറമ്പത്ത്, ആര്‍. പ്രസാദ്, എം.കെ. ബാബുരാജ്, എ.ഐ. ഷംസുദ്ദീന്‍, (ബസ്) കെ.കെ. ഹംസ, കെ. ബാലചന്ദ്രന്‍ (ലോറി), പി.പി. ചാക്കോ (ടാങ്കര്‍), എം.കെ. വിജയന്‍, കെ.ജി. ഗോപകുമാര്‍ (വര്‍ക്ക് ഷോപ്പ്), എന്‍.എച്ച്. കാജാഹുസൈന്‍ (യൂസ്ഡ് വെഹിക്കിള്‍) കെ. രാജഗോപാല്‍ (സ്പെയര്‍ പാര്‍ട്സ്), എ.ടി.സി. കുഞ്ഞുമോന്‍ (പാഴ്സല്‍ സര്‍വീസ്) എന്നിവര്‍ അഭ്യര്‍ഥിച്ചു.