Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ഹാഫിസ് സയീദ്, സലാഹുദ്ദീൻ, ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎയുടെ കുറ്റപത്രം

Pakistan Militant Leader Hafiz Saeed

ന്യൂ‍ഡൽഹി∙ ജമ്മു കശ്മീരിൽ ഭീകരവാദ, വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി സർക്കാരിനെതിരെ യുദ്ധത്തിനു കോപ്പുകൂട്ടുകയാണെന്നു വ്യക്തമാക്കി 12 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കുറ്റപത്രം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ മേധാവി ഹാഫിസ് സയീദ്, ഹിസ്ബുൽ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ, ഹുറിയത്ത് നേതാക്കൾ എന്നിവർക്കെതിരെയാണു കുറ്റപത്രം. ഡൽഹിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച 12,794 പേജുള്ള കുറ്റപത്രത്തിൽ ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനത്തിനു ഫണ്ട് നൽകുന്ന കേസിൽ അന്വേഷണം തുടരാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഗൂഢാലോചന, രാജ്യദ്രോഹം എന്നിവയും യുഎപിഎയുടെ കീഴിൽവരുന്ന കർശന കുറ്റങ്ങളും ഇവരുടെമേൽ ചാർത്തിയിട്ടുണ്ട്.

ഇവർക്കെതിരായ കുറ്റങ്ങൾക്ക് ആവശ്യമായ എല്ലാ തെളിവുകളും അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. 60 സ്ഥലങ്ങൾ റെയ്ഡ് ചെയ്തതിൽനിന്ന് 950 രേഖകൾ കണ്ടെടുത്തിട്ടുണ്ട്. കേസിൽ 300 സാക്ഷികളുണ്ടെന്നും എൻഐഎ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ഹുറിയത്ത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, ബാഷിർ അഹമ്മദ് ഭട്ട്, വ്യവസായി സഹൂർ അഹമ്മദ് ഷാ വത്താലി, ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസഫ്, അഫ്താബ് അഹമ്മദ് ഷാ, അൽതാഫ് അഹമ്മദ് ഷാ, നയീം അഹമ്മദ് ഖാൻ, ഫാറൂഖ് അഹമ്മദ് ധർ, മുഹമ്മദ് അക്ബർ ഖാണ്ടെ, രാജാ മെഹ്റജുദ്ദീൻ കൽവാൾ എന്നിവരാണ് കുറ്റപത്രത്തിലെ മറ്റുള്ളവർ.

സയീദിന്റെയും സലാഹുദ്ദീന്റെയും ‘അവരെ നിയന്ത്രിക്കുന്ന പാക്ക് പ്രതിനിധി’യുടെയും നിർദേശങ്ങൾ അനുസരിച്ചു ഹുറിയത്ത് നേതാക്കൾ സർക്കാരിനെതിരെ അക്രമകരമായ പ്രതിഷേധങ്ങൾക്ക് പദ്ധതിയിട്ടെന്നു കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലുടെയും മത നേതാക്കളിലൂടെയും പുറത്തുവിടുന്ന ‘പ്രതിഷേധ കലണ്ടറി’ലൂടെ ഇവർ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. ഇതു ജമ്മു കശ്മീരിൽ ഭീകരതയുടെയും ഭയത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, എന്‍ഐഎ പറയുന്നു.

അതേസമയം, പാക്ക് എംബസി ഉദ്യോഗസ്ഥർ വഴിയാണു കശ്മീർ താഴ്‌വരയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിനുള്ള പണം ഒഴുകുന്നതെന്നു കുറ്റപത്രത്തെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്ക് എംബസി ഉദ്യോഗസ്ഥരും വിഘടനവാദികളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുള്ളതായും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ ഉദ്യോഗസ്ഥരുടെ പേരു പറയുന്നില്ല. എന്നാൽ എങ്ങനെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നു പറയുന്നുണ്ട്. അതിർത്തി കടന്നു വ്യവസായം നടത്തുന്ന സഹൂർ അഹമ്മദ് ഷാ വത്താലിയാണ് ഇരുകൂട്ടരെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്നാണു വിവരം. പാക്കിസ്ഥാനിൽനിന്നു ദുബായ് വഴി കശ്മീരിലേക്കു പണമെത്തിക്കാൻ നിരവധി വ്യാജ കമ്പനികൾ ഇയാൾ രൂപീകരിച്ചിട്ടുണ്ട്. ഈ പണം കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു – കുറ്റപത്രത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.