Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മാവത്’ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല; ഭീഷണിയുമായി കർണിസേന രംഗത്ത്

padmaavat പത്മാവത് ചിത്രത്തിന്റെ പോസ്റ്ററുകൾ. ചിത്രം: ഫെയ്സ്ബുക്

ന്യൂഡൽഹി∙ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ‘പത്മാവത്’ സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്ന ഭീഷണിയുമായി കർണി സേന. ഈ മാസം 25ന് റിലീസ് നിശ്ചയിച്ചിരിക്കെ, ബിഹാറിലെ മുസഫർപുരിൽ സിനിമാ തിയറ്ററിനുനേരെ ആക്രമണമുണ്ടായി. പത്മാവത് പ്രദർശിപ്പിക്കാനിരിക്കുന്ന തിയറ്ററിനുനേരെയാണു കർണിസേന പ്രവർത്തകർ ആക്രമണം നടത്തിയത്.

അതേസമയം, പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബന്‍സാലിയുടെയും തലയ്ക്ക് 10 കോടി രൂപ വിലയിട്ട രജ്പുത് നേതാവ് സൂരജ് പാൽ അമു, ചിത്രത്തിനെതിരെ ‘സമാധാനപരമായി’ പ്രതിഷേധിക്കുമെന്ന് അറിയിച്ചു. അതിനു തന്നെ തൂക്കിലേറ്റിയാലും പ്രശ്നമില്ല. സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ കോടതി ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുക്കുന്നില്ല. സിനിമ റിലീസ് ചെയ്താൽ രാജ്യം തകരും– ഹരിയാനയിലെ ബിജെപി നേതാവു കൂടിയായ അമു വ്യക്തമാക്കി.

എല്ലാ സാമൂഹിക സംഘടനകളും ചിത്രം നിരോധിക്കാൻ ആവശ്യപ്പെടണമെന്നു രജ്പുത് കർണിസേന മേധാവി ലോകേന്ദ്ര സിങ് കൽവി ഉജ്ജയിനിൽ ആവശ്യപ്പെട്ടു. സിനിമാ തിയറ്ററുകൾക്കു മുന്നിൽ കർഫ്യുവിനു സമാന അവസ്ഥയുണ്ടാകണം. രാജ്യത്തെ സാമൂഹികഘടനയെ സിനിമയുടെ റിലീസ് അസ്വസ്ഥമാക്കുമെന്നും രാജ്യവ്യാപകമായി ചിത്രം നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും കൽവി ആവശ്യപ്പെട്ടു.

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവയാണു ചിത്രം നിരോധിച്ച സംസ്ഥാനങ്ങൾ. വിലക്ക് സ്റ്റേ ചെയ്തു സുപ്രീം കോടതി ഉത്തരവിട്ടതു തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നു ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു. ഉത്തരവ് അനുസരിക്കും. എന്നാൽ, അപ്പീൽ സാധ്യത പരിശോധിക്കുമെന്നും അനിൽ വിജ് അറിയിച്ചു.

കോടതി ഉത്തരവ് പഠിച്ചശേഷം തീരുമാനം എടുക്കുമെന്നു രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. കോടതി ഉത്തരവിനെ ബഹുമാനിക്കുന്നു, അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇതു തങ്ങളുടെ അവസാന മുന്നറിയിപ്പാണെന്നാണു ഛത്തീസ്ഗഢിലെ രജപുത്ര സമുദായത്തിന്റെ ഒരു പ്രവർത്തകന്‍ പറഞ്ഞു. റാണി പത്മാവതിയുടെ ഔന്നത്യം കുറയ്ക്കുന്ന ഒന്നും ഞങ്ങൾ അനുവദിക്കില്ല. പ്രദർശിപ്പിക്കുന്ന തിയറ്ററുകളെല്ലാം അഗ്നിക്കിരയാക്കുമെന്നും ഇവർ ഭീഷണിയുയർത്തി.