Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ബാങ്കിൽ സംഘർഷം തുടരുന്നു; പലസ്തീൻകാരൻ കൊല്ലപ്പെട്ടു

PALESTINIAN-ISRAEL-CONFLICT

റാമല്ല (വെസ്റ്റ് ബാങ്ക്)∙  ഇസ്രയേൽ സേനയുമായുണ്ടായ സംഘർഷത്തിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ നഗരമായ ജനിനിൽ ഇസ്രയേൽ സേന നടത്തിയ ആക്രമത്തിലാണ് മരണമെന്ന് പലസ്തീൻ കേന്ദ്രങ്ങൾ അറിയിച്ചു. ഇരുപത്തിരണ്ടുകാരനായ അഹമ്മദ് ജറാർ ആണ് കൊല്ലപ്പെട്ടത്. 2001 ൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന ഹമാസ് നേതാവായ നാസർ ജറാറിന്റെ മകനാണ് അഹമ്മദ്. 

ജനുവരി ഒൻപതിന് ഒരു ഇസ്രയേൽ പൗരൻ പലസ്തീൻ നഗരമായ നാബ്ലസിനു സമീപം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രയേൽ സേന പലസ്തീൻ മേഖലകളിൽ ആക്രമണം അഴിച്ചുവിട്ടത്. ഡിസംബർ ആറിന് തർക്കമേഖലയായ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചതാണ് മേഖലയിൽ വീണ്ടും സംഘർഷങ്ങൾക്ക് ഇടവരുത്തിയത്. ഇതിനു ശേഷം 18 പലസ്തീൻകാരും ഒരു ഇസ്രയേൽ പൗരനും വിവിധ അക്രമങ്ങളിൽ കൊല്ലപ്പെട്ടു.

പലസ്തീൻ അഭയാർഥികൾക്കു സഹായം എത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വെൽഫെയർ ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) ഈ വർഷം യുഎസ് നൽകാനിരുന്ന ഫണ്ട് കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. 12.5 കോടി ഡോളർ നൽകാനിരുന്നിടത്ത് ആറുകോടി ഡോളർ മാത്രം നൽകിയാൽ മതിയെന്നാണു ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ധനസഹായം വെട്ടിക്കുറയ്ക്കുന്ന കാര്യം കാണിച്ച് യുഎസ് അധികൃതർ ഇന്നലെയാണ് യുഎൻആർഡബ്ല്യുഎയ്ക്കു കത്തു നൽകിയത്.

യുഎൻ ഏജൻസിയുടെ പ്രവർത്തനത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെന്നും ഭാവി സഹായങ്ങൾ ഇതിനെ ആശ്രയിച്ചിരിക്കുമെന്നും യുഎസ് വ്യക്തമാക്കി. ഇസ്രയേൽ–പലസ്തീൻ സമാധാനത്തിനുള്ള തടസ്സം പലസ്തീൻ നിലപാടിലെ വൈകല്യമാണെന്നു കുറ്റപ്പെടുത്തുന്ന കഴിഞ്ഞ രണ്ടിലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ സന്ദേശത്തിന്റെ തുടർച്ചയായാണു ധനസഹായം വെട്ടിക്കുറച്ചത്. ഇതോടെ യുഎൻ ഏജൻസിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിട്ടുണ്ട്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ 1100 കുടിയേറ്റ വീടുകൾക്ക് ഇസ്രയേൽ അധികൃതർ ഈ മാസം ആദ്യം അംഗീകാരം നൽകിയിരുന്നു. ഇവയിലേറെയും വെസ്റ്റ് ബാങ്കിന്റെ ഉൾപ്രദേശങ്ങളിലാണ്. കഴിഞ്ഞവർഷം മാത്രം 6742 കുടിയേറ്റ വസതികൾക്ക് ഇസ്രയേൽ അംഗീകാരം നൽകിയിട്ടുണ്ടെന്നാണു പീസ് നൗ എൻജിഒയുടെ കണ്ടെത്തൽ. പലസ്തീനു സ്വതന്ത്രരാജ്യ പദവി കിട്ടുന്നതു തടയാൻ വേണ്ടിയാണു പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ ജൂതകുടിയേറ്റം പ്രോൽസാഹിപ്പിക്കുന്നത്.