Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഗാഡിയയുടെ പരാതിയിൽ മോദിയും അമിത് ഷായും മറുപടി പറയണം: ശിവസേന

Praveen Togadia വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ

മുംബൈ∙ വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ ഉയർത്തിയ ആരോപണങ്ങളിൽ ബിജെപിയുടെ മറുപടിയാവശ്യപ്പെട്ടു ശിവസേന. തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മറുപടി പറയണമെന്നു ശിവസേന ആവശ്യപ്പെട്ടു. ഹിന്ദുമത വിശ്വാസികൾ പോലും ഇന്ത്യയിൽ പേടിച്ചുകൊണ്ടാണ് ജീവിക്കുന്നതെന്നതിനു തെളിവാണ് സംഭവം. അതുകൊണ്ട് തൊ‍ഗാഡിയയുടെ പരാതിയില്‍ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണം. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ എൽ.കെ. അഡ്വാനിയുൾപ്പെടെ നിരവധി നേതാക്കളുടെ ശബ്ദങ്ങളെ തടസപ്പെടുത്തുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നു മുഖപത്രമായ സാമ്നയിൽ ശിവസേന വിമർശിച്ചു.

പ്രവീൺ തൊഗാഡിയയെ നിലവിലെ സ്ഥാനത്തു തന്നെ തുടരുന്നത് കാണാനാണ് ശിവസേന ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ നിശബ്ദനാക്കുന്ന നീക്കങ്ങൾ അംഗീകരിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയടക്കം ആരോപണങ്ങൾ തൊഗാഡിയ ഉന്നയിച്ചിരുന്നു. ജൂഡീഷ്യറിയിലേക്കുള്ള കേന്ദ്രസർക്കാർ കടന്നുകയറ്റത്തെ നാലു മുതിർന്ന ജഡ്ജിമാർ എതിർത്തു രംഗത്തെത്തിയപ്പോൾ അവർ ദേശദ്രോഹികളും കോൺഗ്രസിന്റെ ഏജന്റുകളുമായി. ഭരണവും ഭീഷണിയും ഉപയോഗിച്ച് ശിവസേനയുടെ ശബ്ദത്തെയും ബിജെപി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.

പ്രവീണ്‍ തൊഗാഡിയയെ പോലൊരു നേതാവു വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അദ്ഭുതമാണ് തോന്നിയത്. ഹൈന്ദവ നേതാക്കളായ വീർ സവർക്കറിനോ ബാൽ താക്കറെയ്ക്കോ നിസഹായവസ്ഥയില്‍ കണ്ണീരൊഴുക്കേണ്ടിവന്നിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ മേലങ്കിയണിഞ്ഞ് കൊലയാളികൾ തൊഗാ‍ഡിയയെ ലക്ഷ്യം വയ്ക്കുന്നതിൽ വ്യക്തത വേണം. ഗറില്ലാ മുറകളിലൂടെയല്ല ഹിന്ദുത്വത്തിനു വേണ്ടി പ്രവർത്തിക്കേണ്ടത്. ഹിന്ദുത്വം രാഷ്ട്രീയം കളിക്കുന്നതിനല്ല മറിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തമായിട്ടാണ് കാണേണ്ടതെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന വ്യക്തമാക്കി.

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നു തൊഗാഡിയ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നൽകിയെന്ന കേസിൽ പ്രവീൺ തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാൻ പൊലീസ് അഹമ്മദാബാദിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ തൊഗാഡിയയെ കാണാതാവുകയും പിന്നീട് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

തൊഗാഡിയയുടെ പൂർത്തിയാക്കാറായ പുസ്തകം രാജ്യത്തു രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഹിന്ദുക്കളെ വഞ്ചിച്ചത് എങ്ങനെയെല്ലാം എന്നതാണു പുസ്തകത്തിന്റെ പ്രമേയം. ഉന്നത ആർഎസ്എസ്–ബിജെപി നേതാക്കൾ ഉൾപ്പെട്ട രഹസ്യ ചർച്ചകളും ഒത്തുതീർപ്പു രാഷ്ട്രീയവുമൊക്കെ തുറന്നുകാട്ടുന്ന പുസ്തകം രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കാനാണു തൊഗാഡിയ പദ്ധതിയിടുന്നത്. പുസ്തകം പുറത്തിറങ്ങുന്നത് തടയാനാണ് തൊഗാഡിയയെ കള്ളക്കേസിൽ‌ കുടുക്കുന്നതെന്നാണു വിഎച്ച്പിയുടെ നിലപാട്. 

related stories