Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ നെഞ്ചുവിരിക്കണം; വേണ്ടത് കേരളമുൾപ്പെട്ട ദ്രാവിഡ മുന്നേറ്റം: കമൽ

Kamal Haasan കമൽഹാസൻ. (ഫയൽചിത്രം, കടപ്പാട്: ഫെയ്സ്ബുക്)

ചെന്നൈ∙ പാർട്ടി പ്രഖ്യാപിക്കും മുൻപ് തന്റെ രാഷ്ട്രീയ നിലപാടും ലക്ഷ്യവും വ്യക്തമാക്കി നടൻ കമൽഹാസൻ. കേന്ദ്ര സർക്കാരിന്റെ ‘ആജ്ഞകളെ’ പ്രതിരോധിക്കാൻ ദ്രാവിഡ സ്വത്വത്തിനു കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അണിനിരക്കണമെന്നു കമൽഹാസൻ ആവശ്യപ്പെട്ടു. അടുത്ത മാസം 21ന് ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന സംസ്ഥാന പര്യടനത്തിൽ പാർട്ടിയുടെ പേരു പ്രഖ്യാപിക്കാനിരിക്കെ, തമിഴ് മാസികയിലെ പംക്തിയിലാണു താരത്തിന്റെ അഭിപ്രായപ്രകടനം.

‘രാജ്യത്തിന്റെ നികുതി വരുമാനത്തിൽ കൂടുതൽ പങ്കു വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു തമിഴ്നാട്. കേന്ദ്രം ഇവിടെനിന്നു നികുതി പിരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നുവെന്നു ചിലർ പറയുന്നു. കൂട്ടുകുടുംബം അങ്ങനെയാണ് പ്രവർത്തിക്കുകയെന്നാണ് അഭിപ്രായം. കൂട്ടുകുടുംബത്തിലെ മുതിർന്നയാളാണു തൊഴിൽരഹിതരായ ഇളയ സഹോദരങ്ങൾക്കായി അന്നവും പണവും കണ്ടെത്തുന്നത്. എന്നാൽ ഇളയവർ മൂത്തവരെ പറ്റിക്കുകയോ പട്ടിണിക്കിടുകയോ ചെയ്യാറില്ല’– തമിഴ്നാടിന്റെ സംഭാവനയും പിന്നാക്കവസ്ഥയും ചൂണ്ടിക്കാട്ടി കമൽ വിമർശിച്ചു.

കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ വരണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ‘ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെല്ലാം ദ്രാവിഡരാണ്. ഈ ദ്രാവിഡ സത്വം ദക്ഷിണേന്ത്യയാകെ ഉൾക്കൊണ്ടാൽ, കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന പരാതി ഇല്ലാതാക്കാനാകും. ഒരുമിച്ചുനിന്നാൽ ഡൽഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള ശബ്ദക്കരുത്ത് നമുക്കുണ്ടാകും’– താരം ചൂണ്ടിക്കാട്ടി.

നിലപാടുകളെ സാധൂകരിക്കാൻ ഭഗവാൻ ശിവന്റെ ഉദാഹരണമാണ് അദ്ദേഹം പരാമർശിച്ചത്. ‘ദക്ഷിണേന്ത്യയിലെ ശിവനെ (ശൈവം) പറ്റി പറയുമ്പോൾ നാണക്കേടുണ്ടാകേണ്ട കാര്യമില്ല. എല്ലാ (ദക്ഷിണ) സംസ്ഥാനങ്ങളിലും അദ്ദേഹം സർവവ്യാപിയാണ്. ‘ദ്രവീഡിയനിസം’ എന്നതു ശിവനെപ്പോലെയാണ്. ഇങ്ങനെ പറഞ്ഞെന്നുവച്ച് തമിഴ് ഭാഷ ഉൾപ്പെടെയുള്ളവ ഒഴിവാക്കണമെന്നോ പുതിയ ഭാഷ വേണമെന്നോ അർഥമില്ല. സ്വന്തം ഭാഷയോടുള്ള വികാരമോ ആത്മാഭിമാനമോ മാറ്റേണ്ടതില്ല. ഇക്കാര്യം ഇന്ത്യയിലാകെ നടപ്പാക്കാവുന്നതാണ്. ഞാൻ പറഞ്ഞുവരുന്നത്, നെഹ്റു നേരത്തെ കണ്ടെത്തിയ കാര്യമാണ്– നാനാത്വത്തിൽ ഏകത്വം’– കമൽ വ്യക്തമാക്കി.

Rajinikanth, Kamal Hassan രജനീകാന്ത്, കമൽഹാസൻ.

‘ദ്രാവിഡ മുന്നേറ്റമെന്നാൽ ശാപവാക്കു പോലെയാണ് ചിലർ സംസാരിക്കുന്നത്. ചിലരാകട്ടെ ‘ദ്രവീഡയനിസ’മല്ലാതെ മറ്റൊന്നും ഉരിയാടാറില്ല. രണ്ടു രീതികളും വിമർശിക്കപ്പെടേണ്ടതാണ്. ദ്രാവിഡസത്വം തമിഴർക്കു മാത്രമുള്ളതല്ല. മറ്റു ഭാഷകൾ സംസാരിക്കുന്നവർക്കും പങ്കിടാവുന്നതാണ്. ചരിത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്തം തുടങ്ങിയവയെല്ലാം ‘ദ്രവീഡയനിസം’ ഇന്ത്യയിലുണ്ടായിരുന്നതിന്റെ തെളിവ് നൽകുന്നു. ഇതിന്റെ പേരിൽ ആഘോഷമോ നശിപ്പിക്കലോ ആവശ്യമില്ല. ഇതു നമ്മുടെ സ്വത്വമാണ്’– കമൽ പറഞ്ഞു.

സംസ്ഥാന പര്യടനം മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ വസതിയിൽനിന്നു തുടങ്ങുന്നതിന്റെ കാരണവും നടൻ വിശദീകരിച്ചു. ‘കലാമിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെയാണ് ഞാനും, ഒരുപാട് സ്വപ്നങ്ങളുണ്ട്. സന്തോഷവും സമൃദ്ധിയുമുള്ള തമിഴ്നാടായിരുന്നു കലാമിന്റെ സ്വപ്നം. എന്റെ യാത്രയും ആ സ്വപ്നത്തിലേക്കാണ്’– കമൽ പറഞ്ഞു.

related stories