Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിക്കെതിരായ അന്വേഷണം: വിജിലൻസ് സംഘത്തെ മാറ്റി

Thomas Chandy

തിരുവനന്തപുരം∙ മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റി. പ്രാഥമിക പരിശോധന നടത്തി കേസെടുക്കാൻ ശുപാർശ ചെയ്തവരെയാണു മാറ്റിയത്. വിജിലൻസ് കോട്ടയം യൂണിറ്റിനു പകരം തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അതേസമയം, പുതിയ സംഘത്തിൽ ആദ്യസംഘത്തിലെ ആരെയും ഉൾപ്പെടുത്തിയേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. നടപടിക്രമത്തിന്റെ ഭാഗമായാണു പുതിയ സംഘത്തെ നിയോഗിച്ചതെന്നാണു വിശദീകരണം.

അതിനിടെ, തോമസ് ചാണ്ടിക്കെതിരായ എഫ്ഐആർ അന്വേഷണസംഘം കോട്ടയം വിജിലൻസ് കോടതിയിൽ ഇന്നു സമർപ്പിച്ചു. ആലപ്പുഴ ലേക്പാലസ് റിസോർട്ടിലേക്കു റോഡുനിർമിച്ചെന്ന പരാതിയിൽ വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ഈ മാസം നാലിനായിരുന്നു നിർദേശം.

റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയ ആലപ്പുഴ മുന്‍ കലക്ടര്‍ കെ. വേണുഗോപാല്‍, സബ് കലക്ടറായിരുന്ന സൗരഭ് ജെയിന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നവംബര്‍ നാലിന് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി വി. ദിലീപ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്