Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ തന്നത് ‘നുണയും വഞ്ചനയും’: ട്രംപിനെ പിന്താങ്ങി വൈറ്റ് ഹൗസ്

Donald Trump

വാഷിങ്ടൻ ∙ കോടിക്കണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാനിൽ നിന്നു യുഎസിനു തിരികെ ലഭിച്ചതു ‘നുണയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ലെ’ന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക്  പൂർണ പിന്തുണയുമായി വൈറ്റ് ഹൗസ് വൃത്തങ്ങൾ. 15 വർഷത്തിനിടെ പാക്കിസ്ഥാന് 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നൽകിയ യുഎസ് ഒടുവിൽ വിഡ്ഢികളായെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമൊന്നും പുതുതായില്ലെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്സ് വ്യക്തമാക്കി.

ഈ വിഷയത്തിൽ യുഎസിന്റെ നിലപാട് സുദൃഢവും വ്യക്തവുമാണ്. അവർക്ക് നൽകിവന്ന സാമ്പത്തിക സഹായം നിർത്തലാക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ കരുതുന്നു – സാറാ സാൻഡേഴ്സ് പറഞ്ഞു. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവന കാലതാമസം കൂടാതെ നടപ്പാക്കിയ യുഎസ്, അവർക്കുള്ള 115 കോടി ഡോളർ (ഏകദേശം 7245 കോടി രൂപ) സുരക്ഷാ സഹായവും സൈനിക ഉപകരണങ്ങളുടെ വിതരണവും മരവിപ്പിച്ചിരുന്നു. താലിബാൻ, ഹഖാനി നെറ്റ്‌വർക് ഭീകരസംഘടനകൾക്കു താവളമൊരുക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്തലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ആദ്യപടിയായാണു സുരക്ഷാ സഹായം സസ്പെൻഡ് ചെയ്തതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് ഹീതർ നോയെട് വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനകൾക്കെതിരെ നടപടി സ്വീകരിക്കും വരെ ഇതു തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

2016 സാമ്പത്തിക വർഷത്തേക്കു യുഎസ് കോൺഗ്രസ് പാസാക്കിയ വിദേശ സൈനികസഹായ ഫണ്ട് (എഫ്എംഎഫ്) 25.5 കോടി ഡോളറും സഖ്യകക്ഷികൾക്കുള്ള സഹായമായി 2017 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച 90 കോടി ഡോളറും മരവിപ്പിച്ച സുരക്ഷാ സഹായത്തിൽ ഉൾപ്പെടുന്നു. താലിബാൻ, ഹഖാനി നെറ്റ്‌വർക് എന്നീ ഭീകരസംഘടനകൾക്കു പാക്കിസ്ഥാനുള്ളിൽ താവളങ്ങളുണ്ടെന്നും പാക്കിസ്ഥാൻ താവളമാക്കി ഇവർ അഫ്‌ഗാനിൽ അസ്ഥിരത സൃഷ്ടിക്കുകയാണെന്നുമാണു യുഎസ് ആരോപണം.

ട്രംപ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ, അവരെ സമാധാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്കു ഗത്യന്തരമില്ലാതെ പാക്കിസ്ഥാൻ കടന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന സംഘടനകൾ സംഭാവന സ്വീകരിക്കുന്നതു വിലക്കിയായിരുന്നു ഇത്. ലഷ്കറെ തയിബ, ജമാഅത്തുദ്ദഅവ (ജെയുഡി), ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷൻ (എഫ്ഐഎഫ്) തുടങ്ങിയ അഞ്ചു സംഘടനകൾക്കു പണം നൽകുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ ഒരു കോടി രൂപ പിഴയിടുമെന്നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.