Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് സഹകരണത്തെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റിയിൽ വിഎസിന്റെ കത്ത്

vs-yechuri

കൊൽക്കത്ത ∙ ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തിൽ കടുംപിടിത്തമല്ല, വഴക്കമാണു വേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റിക്കു (സിസി) നൽകിയ കത്തിൽ വി.എസ്.അച്യുതാനന്ദൻ. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാനുള്ള സിസി യോഗത്തിനു മുന്നോടിയായിട്ടാണു വിഎസ് കത്തു നൽകിയത്.

ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലും സഹകരിക്കാൻ പാടില്ല എന്ന കാരാട്ട്–പിണറായി പക്ഷ നിലപാടിനെ ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണ വ്യക്തമാക്കിയുമുള്ളതാണു കത്ത്.

വി.എസ്.അച്യുതാനന്ദൻ അയച്ച കത്തിന്റെ പൂർണരൂപം

ത്രിദിന സിസി യോഗം ഇന്നലെ തുടങ്ങി. സിസിയിലെ പ്രത്യേക ക്ഷണിതാവായ വിഎസ്, ഡോക്ടറുടെ നിർദേശാനുസരണം വിശ്രമത്തിലായതിനാൽ സിസിക്ക് എത്തിയിട്ടില്ല. കത്തു കഴിഞ്ഞദിവസം തന്നെ സിസി അംഗങ്ങൾക്കു ലഭ്യമാക്കിയിരുന്നു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാചന്ദ്രൻ‍ പിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു നാളെ സമാപിക്കുന്ന സിസി പരിഗണിക്കുന്നത്.

പ്രമേയത്തിലെ രാജ്യാന്തര കാര്യങ്ങളെക്കുറിച്ചുള്ള ഭാഗത്തിൽ ഇരുവിഭാഗങ്ങൾക്കും യോജിപ്പാണ്. ആ ഭാഗം യച്ചൂരി അവതരിപ്പിച്ചു. അതിനുശേഷം ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബദൽരേഖ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു; പിന്നാലെ, യച്ചൂരി തന്റെ നിലപാടും. കോൺഗ്രസുമായി ധാരണയ്ക്ക് അവസരമുണ്ടാക്കുന്നതു സഖ്യത്തിൽ എത്തുമെന്ന് കാരാട്ട് വാദിച്ചു. കാരാട്ട്പക്ഷവുമായി അഭിപ്രായ െഎക്യത്തിനു പരമാവധി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നു രേഖ അവതരിപ്പിച്ച് യച്ചൂരി പറഞ്ഞു. എ.കെ.ബാലൻ, എ.വിജയരാഘവൻ, എളമരം കരീം, ഇ.പി.ജയരാജൻ എന്നിവരുൾപ്പെടെ 25 പേർ ഇന്നലെ പ്രസംഗിച്ചു.