Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡിജിപി ബി.സന്ധ്യയെ മാറ്റി, പത്മകുമാർ ട്രാൻസ്പോർട്ട് കമ്മിഷണർ; പൊലീസിൽ വൻ അഴിച്ചുപണി

B-Sandhya-and-K-Padmakumar ബി.സന്ധ്യ, കെ.പത്മകുമാർ

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് തലപ്പത്ത് നിര്‍ണായക അഴിച്ചുപണി. ദക്ഷിണമേഖല എഡിജിപി സ്ഥാനത്തുനിന്ന് എഡിജിപി ബി.സന്ധ്യയെ മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാക്കി.

ഒരു വര്‍ഷത്തിലേറെയായി ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു തുടര്‍ന്ന ബി. സന്ധ്യയെ മാറ്റിയതാണു പുതിയ അഴിച്ചുപണിയില്‍ ഏറെ ശ്രദ്ധേയമായ മാറ്റം. പിണറായി സര്‍ക്കാർ അധികാരത്തിലെത്തിയശേഷം വിവാദമായിരുന്ന പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. എന്നാലിപ്പോള്‍ ക്രമസമാധാന ചുമതലയില്‍നിന്നു നീക്കി താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളജിന്റെ തലപ്പത്താണു നിയമിച്ചിരിക്കുന്നത്. സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം.

അതേസമയം, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന അനില്‍കാന്ത് ദക്ഷിണമേഖല എഡിജിപിയാവും. മാര്‍ക്കറ്റ്ഫെഡ് എംഡിയായ എഡിജിപി കെ. പത്മകുമാറാണ് പുതിയ ട്രൻസ്പോർട്ട് കമ്മിഷണർ. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായതോടെ നടപടി നേരിട്ട ഉദ്യോഗസ്ഥരിലൊരാളാണ് കെ.പത്മകുമാര്‍. അദ്ദേഹം തിരികെ മികച്ച പദവിയിലെത്തുമ്പോള്‍ സോളര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍നിന്നു മാറ്റിയ ഡിജിപി എ. ഹേമചന്ദ്രനെ തിരികെയെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

കൊച്ചി റേഞ്ച് ഐജിയായിരുന്ന പി. വിജയന്‍ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ഐജിയാവും. പകരം വിജയ് സാഖറെയാണ് കൊച്ചി റേഞ്ച് ഐജിയാവുന്നത്. മൂന്ന് എഡിജിപിമാരെ പരസ്പരം മാറ്റിയുള്ള ഇപ്പോളത്തെ അഴിച്ചുപണിക്ക് പിന്നാലെ കൂടുതല്‍ മാറ്റങ്ങള്‍ പൊലീസ് തലപ്പത്ത് ഉടനുണ്ടായേക്കും.