Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റിനെ കൂസാതെ കേപ് ഹോൺ താണ്ടി ഇന്ത്യൻ വനിതകൾ; തിരകളിൽ പുതുചരിത്രം

INSV-Tarini കേപ് ഹോൺ മറികടന്നതിന്റെ ആഹ്ലാദം പങ്കിടുന്ന ഐഎന്‍എസ്‍വി തരിണിയിലെ വനിതാസംഘം. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ സമുദ്രപര്യടനം നടത്തുന്ന ഇന്ത്യന്‍ നാവികസേനയിലെ ആറംഗ വനിതാസംഘം നിർണായക ഘട്ടമായ കേപ് ഹോൺ മറികടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഗോവയിൽനിന്നാണു സംഘം യാത്ര തിരിച്ചത്. ചരിത്രനേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.

അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന കേപ് ഹോൺ മറികടക്കുകയെന്നതു സമുദ്രപര്യടനത്തിലെ സുപ്രധാന ഘട്ടമാണ്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിനെ കൂസാതെയാണു പെൺപട മുന്നേറിയതെന്നു നാവികസേനാ വക്താവ് പറഞ്ഞു. സ്റ്റാൻലി തുറമുഖത്തിന് 410 നോട്ടിക്കൽ മൈൽ അകലെക്കൂടിയാണ് ഇവരുടെ ഐഎന്‍എസ്‍വി തരിണി സഞ്ചരിച്ചത്. സന്തോഷസൂചകമായി യാത്രാക്കപ്പലിൽ ഇന്ത്യൻ പതാക ഉയർത്തിയായിരുന്നു തുടർയാത്ര.

2018 ഏപ്രിൽ വരെയാണ് ദൗത്യത്തിന്റെ സമയം. പര്യടനത്തില്‍ 21,600 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിടുമെന്നാണു കണക്കാക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’യെ ലോകത്തിനു പരിചയപ്പെടുത്തുക, വനിതാശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണു ‘നാവിക സാഗർ പരിക്രമ’ എന്നുപേരിട്ട യാത്ര.

INSV-Tarini1 വനിതാസംഘം ഐഎന്‍എസ്‍വി തരിണിയിൽ സമുദ്രപര്യടനം തുടങ്ങുന്നതിനു മുൻപ്. ചിത്രം: ഇന്ത്യൻ നേവി

അഞ്ചു ഘട്ടമായി ക്രമീകരിച്ച യാത്രയിൽ നാലു തുറമുഖങ്ങളില്‍ മാത്രമാണു കപ്പല്‍ നങ്കൂരമിടുക. ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍തിക ജോഷിയാണു നേതാവ്. ലഫ്റ്റനന്റ് കമാന്‍ഡര്‍മാരായ പ്രതിഭ ജാംവല്‍, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബോഡാപതി, പതാരപ്പള്ളി സ്വാതി,  വിജയ ദേവി, പായല്‍ ഗുപ്ത തുടങ്ങിയവരാണു മറ്റ് അംഗങ്ങള്‍.