Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അന്ത്യകൂദാശ പാർട്ടികൾ’ക്ക് വെന്റിലേറ്ററാകാന്‍ എൽഡിഎഫ് ഇല്ല: കാനം രാജേന്ദ്രൻ

kanam-rajendran2 കാനം രാജേന്ദ്രൻ

കുറ്റ്യാടി∙ അന്ത്യകൂദാശ കാത്തു കിടക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കു വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതു മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിനെയോ മുന്നണിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനെയോ സിപിഐ ചോദ്യം ചെയ്യുന്നില്ല. മുന്നണി വിട്ടു പോയ കക്ഷികൾ തിരിച്ചു വരണമെന്ന് ആദ്യം പറഞ്ഞതു സിപിഐയാണ്. ആ തരത്തിലുള്ള പാർട്ടികൾ മുന്നണിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എൽഡിഎഫ് ഒരാളെയും മുന്നണിയിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. അങ്ങനെയുള്ള പ്രചാരണം ശരിയല്ല. മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമുണ്ട്. അപകടാവസ്ഥയുണ്ടെങ്കിലല്ലേ പുറത്തു നിന്ന് ആളെ വിളിക്കേണ്ട കാര്യമുള്ളുവെന്നും കേരള കോൺഗ്രസ് എമ്മിന്റെ പേരു പറയാതെ കാനം പറഞ്ഞു. 

മുന്നണി രൂപീകരിക്കുന്നത് പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. യോജിക്കാൻ കഴിയുന്ന പാർട്ടികളാണ് മുന്നണിയിൽ ഉണ്ടാവുക. പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയിലേക്ക് ആളെ എടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അഭിപ്രായ ഐക്യം ഇല്ലാതെ പാർട്ടികളെ എടുക്കാൻ മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയല്ല എന്നാണ് അതിന്റെ അർഥം. അഭിപ്രായ വ്യത്യാസം തുറന്നു പറയുന്നതു സിപിഐയുടെ ശീലമാണ്. സിപിഎം ദുർബലമായിട്ട് എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്നു സിപിഐയോ സിപിഐ ദുർബലമായിട്ട് എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്നു സിപിഎമ്മോ ചിന്തിക്കില്ലെന്നും കാനം പറഞ്ഞു. 

യുപിഎ – എൻഡിഎ മുന്നണികളെ എതിർക്കണമെന്നു പറഞ്ഞിരുന്നെങ്കിലും വർത്തമാന രാഷ്ട്രീയത്തിൽ ബിജെപിയെയും ആർഎസ്എസിനെയും തോൽപ്പിക്കുകയാണ് അടിയന്തര ആവശ്യമെന്നും കാനം വ്യക്തമാക്കി.