Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് മർദിച്ചു, പരാതിയില്ല; കോടതിയിൽ കുറ്റം സമ്മതിച്ച് ജയമോൾ

Jayamol in Police Custody ജയമോളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു. ചിത്രം: മനോരമ

കൊല്ലം∙ കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ കോടതിയിൽ ഹാജരാക്കി. ഉച്ചയോടെ പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കിയത്. ജയമോൾ മയങ്ങിവീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് കേസ് പരിഗണിച്ചത്. ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ജയമോൾ കോടതി അറിയിച്ചു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. പൊലീസ് മർദിച്ചെന്നും എന്നാൽ പരാതിയില്ലെന്നും അവർ കോടതിയിൽ നിലപാടെടുത്തു. ജയമോളെ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

അതേസമയം, വസ്തുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിൽ കൂടുതൽ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കോടതിയിൽ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു.

അതേസമയം, പിതാവിന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോൾ പ്രകോപിതയായിട്ടാണ് കൊലപാതകമെന്നും ജയയുടെ മൊഴിയിൽ പറഞ്ഞിരുന്നു. അതിനാൽ കൊലപാതകത്തിന് കാരണമാകാന്‍ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.

Paravoor Court ജയമോളെ ഹാജരാക്കുന്നതു കാണാനായി പരവൂർ കോടതിക്കു മുന്നിൽ തടിച്ചുകൂടിയവർ.

തെളിവെടുപ്പിനിടെ പതറാതെ ജയമോൾ

തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുവന്നപ്പോൾ കൂടിനിന്ന നാട്ടുകാരിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. വീട്ടിലെത്തിക്കുമ്പോൾ അച്ഛൻ നിർവികാരനായി സമീപത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കൂസലുമില്ലാതെ ആരെയും നോക്കാതെ നേരേ ജയമോള്‍ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ്. അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴേക്കു വീണതും പൊലീസിനുമുന്നിൽ പ്രതി വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കുവിളികള്‍ക്കിടയിലൂടെ പൊലീസിനെ ജയതന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്തു ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിനു കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ക്രൂരയായ അമ്മയുടെ മുഖത്ത് അല്പമെങ്കിലും ദുഖം പ്രകടമായത്.

പക്ഷേ അതു താൽക്കാലികമായിരുന്നു. വീണ്ടും ഒരു ഭാവഭേദവുമില്ലാതെ കുട്ടിയെ ആദ്യം കത്തിച്ച സ്ഥലം പൊലീസിനു കാണിച്ചുകൊടുത്തു. മതിലിനോടു ചേര്‍ന്നു വിറക് കൂട്ടിയിട്ടാണ് മകനെ ആദ്യം കത്തിച്ചത്. സമീപത്തെ വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയിരുന്നതിനാല്‍ തീ കത്തുന്നത് കണ്ട് ആര്‍ക്കും സംശയം തോന്നിയില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. വീടിനു പിന്നിലെ അരമതില്‍ നിന്നു മകന്റെ മൃതദേഹം അപ്പുറത്തേക്ക് ഇട്ടശേഷം മതില്‍ ചാടികടന്നാണു പോയതെന്നായിരുന്നു മൊഴി. എന്നാല്‍ വിശ്വസിക്കാതിരുന്നവരുടെ മുന്നില്‍ എങ്ങനയാണു മതിലിന് അപ്പുറം പോകുന്നതെന്നു ജയ കാണിച്ചു കൊടുത്തു. തിങ്ങിക്കൂടിയ ആളുകളെ പൊലീസ് ലാത്തിവീശീ ഓടിച്ചതിനു ശേഷമാണ് തൊട്ടടുത്ത സ്ഥലത്തേക്കു ജയ പോയത്. ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തുനിന്ന് കൊലയ്ക്ക് ഉപയോഗിച്ച മറ്റൊരു തുണിയും ജയ പൊലീസിനു കാട്ടിക്കൊടുത്തു.

പിന്നീട് മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തേക്കാണ് കൊണ്ടുപോയത്. ഏതുവഴിയാണ് മൃതദേഹം കൊണ്ടുപോയതെന്നും എങ്ങനെയാണ് ഉപേക്ഷിച്ചതെന്നും കാണിച്ചു കൊടുത്തു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ ഏറെ പാടുപെട്ടാണ് ജയമോളെ പുറത്തെത്തിച്ചത്. തെളിവെടുപ്പിനുശേഷം തിരികെ കൊണ്ടുപോകുന്ന വഴി ജീപ്പിനു നേരേ കല്ലേറുണ്ടായി.