Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുകാറ്റിൽ തണുത്തുറഞ്ഞ് രാത്രിമുഴുവനും; സിറിയൻ അഭയാർഥികൾക്ക് ദാരുണാന്ത്യം

snow-fall Representative Image

ബെയ്റുട്ട്∙ സിറിയയിൽ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റിൽ 10 അഭയാർഥികൾക്കു ദാരുണാന്ത്യം. കൂടുതൽ പേർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തിൽ പരിശോധന തുടരുകയാണ്. ലൈബനീസ് ആർമിയും സിവിൽ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണു തിരച്ചിൽ.

തുടർച്ചയായി രാത്രി മുഴുവൻ വീശിയ മഞ്ഞുകാറ്റിൽപ്പെട്ടാണ് ഒൻപതു പേരുടെ മരണം. മഞ്ഞിൽ പുതഞ്ഞ നിലയിൽ ഒൻപതു മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ മാസ്നാ ബോർഡർ ക്രോസിങ്ങിനു സമീപമായിരുന്നു സംഭവം.

അനങ്ങാൻ പോലുമാകാതെ തണുത്തുവിറച്ചു നിന്ന ആറു പേരെ സേന രക്ഷിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ ഗുരുതരാവസ്ഥയിലായിരുന്ന ഒരാൾ മരിച്ചു. അനധികൃതമായി അഭയാർഥികളുമായെത്തിയതിനു രണ്ടു പേരെ അറസ്റ്റ് ചെയ്തു.

സിറിയ–ലെബനൻ അതിർത്തിയിലെ പാതയിലൂടെ അഭയാർഥികളെ കടത്തുന്നതു പതിവാണ്. ലെബനനിലേക്കു കടക്കാനും തിരികെ സിറിയയിലേക്കു പോകാനും ഈ പാതയാണ് ഉപയോഗിക്കുന്നത്. അപകടം പതിയിരിക്കുന്ന ഇതുവഴി തന്നെയാണ് ചരക്കുകളും അനധികൃതമായി കടത്തുന്നത്.

ലെബനനിൽ കഴിഞ്ഞ ദിവസം കനത്ത മഞ്ഞായിരുന്നു. രാജ്യത്തിലെ മിക്ക മലനിരകളും മഞ്ഞുമൂടിയ നിലയിലും. സിറിയയിൽ നിന്ന് ലെബനനിലേക്കു പ്രവേശിക്കുന്നതിന് അധികൃതർക്കു മുന്നിൽ കൃത്യമായ കാരണം ബോധിപ്പിക്കണം. ലെബനനില്‍ എന്തെങ്കിലും സ്വത്തുവകകളുടെ ഉടമസ്ഥാവകാശമുണ്ടെങ്കിൽ  സിറിയക്കാർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എംബസിയിലേക്കു പോകുന്നതിനും ഇത്തരത്തിൽ അപേക്ഷ നൽകണം.

എന്നാൽ യുദ്ധം തകർത്ത സിറിയയിൽ നിന്ന് ഒട്ടേറെ പേർ ലെബനനിലേക്ക് പ്രാണരക്ഷാർഥം അനധികൃതമായി കടക്കുന്നുണ്ട്. ഇവരിൽ പലരും അറസ്റ്റ് ചെയ്യപ്പെടുകയാണു പതിവ്. സിറിയയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് 15 ലക്ഷം അഭയാർഥികളെ ലെബനൻ സ്വീകരിച്ചിട്ടുണ്ട്.