Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തം പറ്റുമെന്നും കാറിൽ കയറ്റില്ലെന്നും പൊലീസ്; അപകടത്തിൽപ്പെട്ട രണ്ടുപേർ മരിച്ചു

saharanpur-incident വിഡിയോയിൽനിന്നുള്ള ദൃശ്യം. (കടപ്പാട്: എൻഡിടിവി)

സഹാരൺപുർ ∙ അപകടത്തിൽപ്പെട്ടവരെ കാറിൽ‌ രക്തം പുരളുമെന്നു പറഞ്ഞ് ആശുപത്രിയിലെത്തിക്കാതെ ഉത്തർപ്രദേശ് പൊലീസ്. പരുക്കേറ്റ രണ്ടു കൗമാരക്കാർ ഇതേത്തുടർന്ന് രക്തം വാർന്നു മരിച്ചു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. മൂന്നു പൊലീസുകാരെ സസ്പെൻ‍ഡ് ചെയ്തു. അന്വേഷണത്തിനുശേഷം കൂടുതൽ നടപടിയെടുക്കുമെന്ന് സഹാരൺപുർ പൊലീസ് മേധാവി പ്രഭാൽ പ്രതാപ് സിങ് അറിയിച്ചു.

17 വയസ്സുകാരായ അർപിത് ഖുറാന, സണ്ണി എന്നിവരാണ് രാത്രി ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡിൽ ചോര വാർന്നുകിടന്ന അവരെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വന്നപ്പോഴാണ് പൊലീസിന്റെ സഹായ നമ്പറായ 100 ൽ വിളിച്ച് പൊലീസിന്റെ സഹായം തേടിയത്. തുടർന്ന് പൊലീസ് നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തിയെങ്കിലും കാറിൽ ചോരയാകുമെന്നു പറഞ്ഞ് സഹായിക്കാൻ തയാറായില്ല. സ്ഥലത്തുണ്ടായിരുന്ന ആളുകൾ സഹായത്തിനായി പൊലീസുകാരോട് അപേക്ഷിക്കുന്നതും വിഡിയോയിലുണ്ട്. ഇവിടെനിൽക്കുന്ന വേറാരൊരാൾക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്.

പൊലീസുകാരിൽനിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങൾ നിർത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവർ നടത്തി. മറ്റു വാഹനങ്ങളും നിർത്തിയില്ല. പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സംസ്ഥാനമെങ്ങും ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയാണ് 2016 ൽ യുപി സർക്കാർ ‘ഡയല്‍ 100’ പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വാഹനങ്ങളും പൊലീസിനു നൽകിയിരുന്നു.