Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

Justice BH Loya

ന്യൂഡൽഹി∙ ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിലാണു തീരുമാനം. തിങ്കളാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

ജസ്റ്റിസ് ലോയയുടെ മരണമടക്കമുള്ള കേസുകൾ ഉയർത്തിക്കാട്ടിയാണു നാലു മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ചത്. ലോയയുടേതു പോലുള്ള സുപ്രധാന കേസുകൾ ജൂനിയർ ജ‍‍ഡ്ജിമാരുടെ ബെഞ്ചിനു നൽകുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ കേസ് പരിഗണിക്കാൻ അരുൺ മിശ്രയെ തന്നെ ജസ്റ്റിസ് നിയോഗിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിനു നാഗ്പുരില്‍ വച്ചാണു ദുരൂഹമായി മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്നാണു ലോയ മരിച്ചതെന്ന് അന്നു രാവിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണു ലോയയുടെ പിതാവ് ഹര്‍കിഷനെ അറിയിച്ചത്. വിവാഹത്തിനു പോകാന്‍ താൽ‌പര്യമില്ലാതിരുന്നിട്ടും, സഹപ്രവര്‍ത്തകരായ രണ്ടു ജഡ്ജിമാര്‍ നിര്‍ബന്ധിച്ചാണു ലോയയെ നാഗ്പുരിലേക്കു കൊണ്ടുപോയത്. എന്നാല്‍ മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നു ലോയയുടെ സഹോദരിയും പിതാവും ആരോപിച്ചിരുന്നു.