Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മില്‍ വെടിനിര്‍ത്തലില്ല; തര്‍ക്കത്തില്‍ കാരാട്ട് പക്ഷത്തിന് മേല്‍ക്കൈ

prakash-karat-sitaram-yechury പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി (ഫയൽ ചിത്രം)

കൊൽക്കത്ത∙ കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ കാരാട്ട് പക്ഷത്തിനു മേൽക്കൈ. വോട്ടെടുപ്പ് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാൾ ഘടകം. പൊളിറ്റ് ബ്യൂറോ വൈകിട്ടു ചേർന്നേക്കും.

കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് ഇന്നലെയും ഇന്നുമായി കേന്ദ്ര കമ്മിറ്റിയിൽ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യച്ചൂരിയെ പിന്തുണയ്ക്കുന്ന വിഎസ്സിന്റെ കുറിപ്പ് മാറ്റി നിർത്തിയാൽ കേരള ഘടകവും കാരാട്ടിനൊപ്പമാണ്.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചു പ്രയോഗിക രാഷ്ട്രീയ നയം എന്നതാണു ബംഗാൾ ഘടകത്തിന്റെ നിലപാട്. ത്രിപുര യച്ചൂരിയെ പിന്തുണയ്ക്കുന്നു. വോട്ടെടുപ്പിൽ പരാജയപ്പെട്ടശേഷം യച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാർമിക പ്രശ്‌നമാണ്. പ്രതിസന്ധി പരിഹരിക്കാൻ പിബി അംഗവും ത്രിപുര മ‌ുഖ്യമന്ത്രിയുമായ മണിക് സർക്കാർ സമവായ നീക്കങ്ങൾ നടത്തുന്നുണ്ട്.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തെ ചൊല്ലിയുള്ള തർക്കം കാരാട്ട്, യച്ചൂരി പക്ഷങ്ങളുടെ ബലപരീക്ഷണത്തിലാണ് എത്തി നിൽക്കുന്നത്. ബംഗാളിലെ പാർട്ടി ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിലാണു കേന്ദ്ര കമ്മറ്റി ചേരുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും മുൻനിർത്തി, കോൺഗ്രസുമായി സഹകരണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു ബംഗാൾ ഘടകം. എന്നാൽ പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കോൺഗ്രസുമായി സഹകരണം ഒഴിവാക്കുന്നതു മറ്റു പാര്‍ട്ടികളുമായി തിരഞ്ഞടുപ്പു നീക്കുപോക്കുണ്ടാക്കുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും കാരാട്ട് പക്ഷം വാദിക്കുന്നു.