Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിറ്റ്കോയിൻ ഇടപാട്: അക്കൗണ്ടുകൾ മരവിപ്പിച്ച് പ്രമുഖ ബാങ്കുകൾ

bitcoin

മുംബൈ∙ ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയത്തിന് ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ പ്രമുഖ ബാങ്കുകൾ മരവിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തത്. സംശയാസ്പദമായി ബിറ്റ്കോയിൻ ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.

സസ്പെൻഡ് ചെയ്യാത്ത അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതിനു പരിധി നിശ്ചയിക്കൽ അടക്കമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എക്സ്ചേഞ്ചുകളിലെ പ്രമോട്ടർമാരോട് വിവിധ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിറ്റ്കോയിൻ ഇടപാടുകൾ നടത്തിയിരുന്ന അക്കൗണ്ടുകളെക്കുറിച്ച് വിശദമായ പരിശോധനയും നടക്കുന്നുണ്ട്. സെബ്പേ, യുനോകോയിൻ, കോയിൻസെക്യുർ, ബിടിസിഎക്സ്ഇന്ത്യ തുടങ്ങിയ പ്രമുഖ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

അതേസമയം, നടപടിയെടുത്ത അക്കൗണ്ട് ഉടമകളെയോ പ്രമോട്ടർമാരെയോ ബാങ്കുകൾ ബന്ധപ്പെട്ടിട്ടില്ലെന്ന് യുനോകോയിൻ ഇടപാടുകാരൻ സത്‌വിക് വിശ്വനാഥ് പറഞ്ഞു. നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടുള്ള മെയിലുകൾക്ക് ബാങ്കുകൾ വിശദീകരണം നൽകിയിട്ടില്ല.

എന്താണ് ബിറ്റ്കോയിൻ?

ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണു ബിറ്റ്കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്‌റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്കോയിനാണു പ്രസിദ്ധം. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല.

ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കി, രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കി ലോകത്തെവിടെയും പണമിടപാടുകൾ സാധ്യമാകുന്നതാണു ബിറ്റ്കോയിന്റെ സവിശേഷത. ഇത് ആശങ്കകൾക്കും വഴി തുറന്നിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ പോലും സ്വായത്തമാക്കാൻ വെമ്പൽ കൊള്ളുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണു ബിറ്റ്കോയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

സ്വിഫ്റ്റ്, വയർ ട്രാൻസ്ഫർ, മൊബൈൽ വാലറ്റുകൾ, ആർടിജിഎസ് എന്നിങ്ങനെ സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു ബിറ്റ്കോയിൻ പ്രവർത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ പൂർണ രഹസ്യമായി വച്ചുകൊണ്ട്, ഉപജ്ഞാതാക്കളെപ്പോലെ ഇടപാടുകാർക്കും അജ്ഞാതരായി തുടരാം.

related stories