Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ബന്ധം: യച്ചൂരിയെ തള്ളി സിപിഎം, കേരളത്തിന്റെ പിന്തുണ കാരാട്ടിന്

Sitaram Yechuri, Prakash Karat

കൊൽക്കത്ത∙ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്. ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ഭാഗമാവും പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുക. കരട് പ്രമേയത്തിലെ മറ്റു ഭാഗങ്ങളെക്കുറിച്ചു തർക്കമില്ല.

വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രം. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്. കോൺഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാൻ ധാരണയ്ക്കുള്ള സാധ്യതകൾ തുറന്നിടണം എന്നതായിരുന്നു യച്ചൂരിയുടെ നിലപാട്. എന്നാൽ, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. യച്ചൂരിയുടെ നിലപാട് സിസി വോട്ടിനിട്ടു തള്ളിയെങ്കിലും തർക്കം പാർട്ടി കോൺഗ്രസിലും തുടരാനാണു സാധ്യത. കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരിപക്ഷം ഭേദഗതികൾ ഉന്നയിച്ചേക്കും.

രണ്ടു ദിവസമായി നടന്ന ചർച്ചയിൽ‍ മൊത്തം 61 പേരാണു സംസാരിച്ചത്. ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക, ജമ്മു–കശ്മീർ എന്നീ സംസ്ഥാനങ്ങൾ പൂർണമായി യച്ചൂരിയെ പിന്തുണച്ചു. തമിഴ്നാട്ടിൽനിന്നു സംസാരിച്ച അഞ്ചു പേരിൽ മൂന്നുപേർ യച്ചൂരിയെ അനുകൂലിച്ചു. കേരളത്തിൽനിന്നു സംസാരിച്ചതിൽ തോമസ് െഎസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെയാണു പിന്താങ്ങിയത്. വോട്ടെടുപ്പ് ഒഴിവാക്കുന്നതാവും ഉചിതമെന്നു പിബിയിൽ യച്ചൂരി ശക്തമായി വാദിച്ചെങ്കിലും പിന്തുണ കിട്ടിയില്ല.

related stories