Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനം രാജേന്ദ്രന്‍ മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ 2017’

Kanam Rajendran കാനം രാജേന്ദ്രൻ ന്യൂസ് മേക്കർ 2017 ചർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോൾ (ഫയൽ ചിത്രം)

അരൂർ∙ മനോരമ ന്യൂസ് ‘ന്യൂസ്മേക്കര്‍ 2017’ പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എംആര്‍എഫ് വേപോക്യോര്‍ പെയിന്‍റ്സിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച ജനകീയ അഭിപ്രായ വോട്ടെടുപ്പിലാണു കാനം രാജേന്ദ്രന്‍ പോയ വര്‍ഷത്തെ വാര്‍ത്താതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. 

താന്‍ സ്വീകരിച്ച യഥാര്‍ഥ ഇടതുപക്ഷ നിലപാടുകള്‍ക്കുള്ള ജനപിന്തുണയായാണു പുരസ്കാരത്തെ കാണുന്നതെന്നു കാനം പ്രതികരിച്ചു. തന്റെ നിലപാടുകള്‍ സിപിഎമ്മിന് എതിരായിരുന്നില്ല. ഇടതുപക്ഷ നിലപാടുകളില്‍നിന്നു വ്യതിചലിക്കാതിരിക്കാനാണ് വിമര്‍ശനങ്ങള്‍ നടത്തിയത്. മുന്നണിക്കുള്ളില്‍ മാത്രമല്ല പരസ്യമായും ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടിവരും. തന്നെ വിമര്‍ശിക്കുന്നവരോട് അസഹിഷ്ണുതയില്ല. വിമര്‍ശനങ്ങളില്‍ ശരിയുണ്ടെങ്കില്‍ അതു തിരുത്താനും ശൈലിയില്‍ മാറ്റം വരുത്താനും തയാറാണെന്നും പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ കാനം പറഞ്ഞു. 

News Maker ന്യൂസ് മേക്കർ 2017 വിശകലന ചർച്ചയിൽ നിന്ന്.

മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ സാഹിത്യകാരന്‍ എന്‍.എസ്.മാധവനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാണ് കാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവയിത്രി മ്യൂസ്മേരി ജോര്‍ജ്, രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ്.സി.മാത്യു എന്നിവര്‍ തിരഞ്ഞെടുപ്പ് വിശകലനം ചെയ്തു. 

ഒന്നരമാസം നീണ്ടുനിന്ന ന്യൂസ്മേക്കര്‍ വോട്ടെടുപ്പില്‍ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, നടി പാര്‍വതി എന്നിവരാണ് അന്തിമപട്ടികയില്‍ കാനം രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നത്.

ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പില്‍ പത്തുവര്‍ഷത്തിനുശേഷമാണ് ഒരു രാഷ്ട്രീയനേതാവ് പുരസ്കാരം നേടുന്നത്. 2006ല്‍ വി.എസ്.അച്യുതാനന്ദനും 2007ല്‍ പിണറായി വിജയനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

related stories