Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കില്ല: രമേശ് ചെന്നിത്തല

Ramesh Chennithala പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം ∙ ബാർകോഴ വിവാദസമയത്തു കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം നടത്തിയ കയ്യാങ്കളിയുടെ കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും വർധിച്ചു. ക്രമസമാധാനം തകർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു മുൻ എംഎൽഎയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകിയത്. അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പിനു കൈമാറി.

2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഭവങ്ങളുണ്ടായത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോൾ മന്ത്രിയായ കെ.ടി. ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല.