Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയ്ക്കു മുന്നിൽ വീണ്ടും അടിപതറി കേരള ബ്ലാസ്റ്റേഴ്സ്

fc-goa ഗോൾ നേടിയ ഗോവ താരങ്ങളുടെ ആഹ്ലാദം.ചിത്രം– ഐഎസ്എൽ

കൊച്ചി∙ നിർണായകമായ പന്ത്രണ്ടാം മൽസരത്തിൽ എഫ്സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ഗോവ വീണ്ടും തോൽപ്പിച്ചത്. ഫെറാൻ കോറോ(7), എഡു ബേഡിയ(77) എന്നിവർ ഗോവയ്ക്കായി ഗോൾ നേടിയപ്പോൾ മലയാളി താരം സി.കെ. വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് ഏകഗോൾ‍ സ്വന്തമാക്കി. ഗോവയിൽ 5–2ന് തോറ്റ ബ്ലാസ്റ്റേഴ്സ് കൊച്ചിയിലും ഗോവയെ പിടിച്ചുകെട്ടാനാകാതെ പൊരുതി വീഴുകയായിരുന്നു. 

ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ നാലാം തോൽവിയാണ് ഗോവയ്ക്കെതിരെ വഴങ്ങിയത്. ഇതോടെ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് പ്രതീക്ഷകൾ സമ്മർദ്ദത്തിലായി. ആറാം ജയം സ്വന്തമാക്കിയ ഗോവ പോയിന്റു പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു. ബ്ലാസ്റ്റേഴ്സിനെതിരെ സ്വന്തമാക്കിയ മൂന്നു പോയിന്റുൾപ്പെടെ 19 പോയിന്റുകളാണ് എഫ്സി ഗോവയ്ക്ക് സ്വന്തമായുള്ളത്. 11 കളികളിൽ മൂന്നു ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമതാണ്. 27നു ഡൽഹി ഡൈനമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

ഗോവയുടെ ആദ്യ ഗോൾ

ഏഴാം മിനിറ്റില്‍ മൽസരത്തിലെ ആദ്യ ഗോള്‍ പിറന്നു. നിർണായക നീക്കത്തിലൂടെ ഗോൾ സ്വന്തമാക്കിയത് ഗോവ. ബ്ലാസ്റ്റേഴ്സിനെതിരെ ഹാട്രിക് നേടിയ ഫെറാൻ കോറോയാണ് ഇത്തവണയും ആദ്യ വെടി പൊട്ടിച്ചത്. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ വച്ച് മന്തർ റാവു ദേശായ് പന്ത് ഫെറാൻ കോറോയ്ക്കു നൽകി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ സാക്ഷിയാക്കി കോറോ പന്തു വലയിലേക്കു തട്ടിയിട്ടു. സന്ദേശ് ജിങ്കാനും ഗോൾ കീപ്പർ പോൾ റെച്ചുബ്കയ്ക്കും പന്തു തടയാനായില്ല. 

സി.കെ. വിനീതിന്റെ ഗോൾ

29–ാം മിനിറ്റിൽ സി.കെ. വിനീതിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഗോളെത്തി. ഗോൾ കിക്കെടുത്ത ഗോവൻ ഗോളി കട്ടിമണിയിലൂടെ ഗോളിലേക്കുള്ള വഴി തുറന്നത്. കട്ടിമണിയുടെ ഷോട്ട് വെസ് ബ്രൗൺ ഹെഡ് ചെയ്തു.നേരെ സിയാം ഹംഗലിലേക്ക്, പന്തു ലഭിച്ച ഹംഗല്‍ ഹെഡറിലൂടെ തന്നെ വിനീതിന് വഴിയൊരുക്കി. പന്തുമായി ഗോവൻ പ്രതിരോധത്തിന് സാധ്യതകൾ നൽ‌കാതെ മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചിട്ടു. ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ സമനില പിടിച്ചു.

ഗോവയുടെ വിജയ ഗോൾ

എഡു ബേഡിയയിലൂടെയാണ് എഫ്സി ഗോവ വിജയ ഗോൾ കണ്ടെത്തുന്നത്. ഗോവയ്ക്കനുകൂലമായി ലഭിച്ച കോര്‍ണറിലൂടെയായിരുന്നു അവരുടെ രണ്ടാം ഗോളെത്തിയത്. കോർണർ കിക്കെടുത്ത ബ്രാൻഡൻ ഫെർണാണ്ടസ് പന്ത് എഡു ബേഡിയയിലെത്തിച്ചു. പന്ത് ഭംഗിയായി ഹെഡുചെയ്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ച് ബേഡിയ ഗോവയെ വീണ്ടും മുന്നിലെത്തിച്ചു. മറുപടി നൽകാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളും ഗോവ തടഞ്ഞതോടെ കാര്യങ്ങൾ വീണ്ടും ഗോവയ്ക്ക് അനുകൂലമായി.

CK Vineeth സി.കെ. വിനീത് ഗോള്‍ നേടുന്നു.ചിത്രം- റോബർട്ട് വിനോദ്

ഗോൾ വീണ ആദ്യ പകുതി; ഉണർന്നു കളിച്ച രണ്ടാം പകുതി

എഫ്സി ഗോവയോട് അവരുടെ തട്ടകത്തിലേറ്റ നാണം കെട്ട തോൽവിക്കു മറുപടി നൽകാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ സമനില പിടിക്കാൻ‌ മാത്രമാണ് കഴിഞ്ഞത്. ഏഴാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയെങ്കിലും സി.കെ. വിനീതിലൂടെ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് മൽസരം നിയന്ത്രണത്തിലാക്കി. ആദ്യ ഗോള്‍ വീണതോടെ വിറച്ചുപോയ ബ്ലാസ്റ്റേഴ്സ് പതറിയാണ് പിന്നീടുള്ള മിനിറ്റുകളിൽ കളിച്ചത്. എന്നാൽ ഗോൾ നേടാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ വൈകാതെ ലക്ഷ്യത്തിലെത്തി. 29–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സമനിലയും പിടിച്ചു. പരുക്ക് മാറി തിരിച്ചെത്തിയ റിനോ ആന്റോ വീണ്ടും പരുക്കേറ്റ് മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ISL കേരള ബ്ലാസ്റ്റേഴ്സ്– എഫ്സി ഗോവ മൽസരത്തിൽ നിന്ന്.ചിത്രം: ടോണി ഡൊമിനിക്

രണ്ടാം പകുതിയിൽ ഗോവയും ബ്ലാസ്റ്റേഴ്സും കൂടുതൽ ഉണർന്നു കളിച്ചു. മധ്യനിരയിലും പ്രതിരോധത്തിലും ആദ്യ പകുതിയിൽ കാണാനാകാത്ത ഉണര്‍വും പ്രകടമായിരുന്നു. മുന്നേറ്റത്തിൽ‌ ഇയാൻ ഹ്യൂമും തന്ത്രങ്ങള്‍ മെനഞ്ഞതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. നിരവധി അവസരങ്ങളാണ് സി.കെ. വിനീതിന് ലഭിച്ചത്. തകർപ്പൻ ഷോട്ടുകളുമായി ഉണർന്നു കളിച്ച വിനീത് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ കണ്ടെത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ ഭാഗ്യവും ഗോവൻ പ്രതിരോധവും വിനീതിനെതിരെ നിലയുറപ്പിച്ചതോടെ രണ്ടാം ഗോളെന്ന പ്രതീക്ഷകൾ മങ്ങി. എഡുവിലൂടെ ഗോവ വീണ്ടും മുന്നിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവി മണത്തു. 77–ാം മിനിറ്റിലെ അപ്രതീക്ഷിത ഗോളിനു മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് അവസാന മിനിറ്റുവരെ പൊരുതിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗാലറിയിൽ തിങ്ങിനിറഞ്ഞ മഞ്ഞപ്പടയക്കു വീണ്ടും നിരാശയുടെ രാത്രി.

പരുക്കെന്ന കുരുക്ക്

ISL കേരള ബ്ലാസ്റ്റേഴ്സ്– എഫ്സി ഗോവ മൽസരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

പരുക്കേറ്റ് വലയുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഗോവയ്ക്കെതിരായ മൽസരത്തിലും കണ്ടു. പരുക്കു കാരണം മൽസരങ്ങൾ നഷ്ടപ്പെട്ട റിനോ ആന്റോ ടീമിൽ തിരിച്ചെത്തിയ അന്നു തന്നെ വീണ്ടും പരുക്കേറ്റു മടങ്ങി. ആദ്യ പകുതിക്കു മുമ്പ് തന്നെ പരുക്ക് പിടികൂടിയ റിനോയെ നടക്കാൻ പോലുമാകാതെയാണ് ഗ്രൗണ്ടിൽ നിന്നു കൊണ്ടുപോയത്. ടീമിൽ നിർണായക സ്ഥാനമുള്ള ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും സി.കെ. വിനീതിനും ഇന്നത്തെ മൽസരത്തിൽ പരുക്കേറ്റു. 

CK Vineeth ഗോൾ നേടിയ സി.കെ. വിനീത്.ചിത്രം: റോബർട്ട് വിനോദ്

ഇരുവർക്കും ചെറിയ പരുക്ക് മാത്രമാണുള്ളതെന്നാണ് പ്രതീക്ഷ. ജംഷഡ്പൂരിനെതിരായ മൽസരത്തിൽ പരുക്കേറ്റ മിഡ്ഫീൽഡർ‌ കെസിറോൺ കിസിത്തോയ്ക്കു വരും മൽസരങ്ങളും നഷ്ടമാകുമെന്നാണ് കരുതുന്നത്. വമ്പൻ തുകയ്ക്കു ടീമിലെത്തിച്ച ദിമിതർ ബെർബറ്റോവിനെ കളിക്കളത്തിൽ കണ്ടിട്ടുതന്നെ നാളുകൾ ഏറെയായി. ബെർബയ്ക്കും ഗ്രൗണ്ടിൽ വച്ചു പലതവണ പരുക്കേറ്റിരുന്നു.