Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണിയുമായി രജ്പുത് കർണിസേന; ‘പത്മാവത്’ റിലീസ് ദിവസം ഭാരത് ബന്ദ്

Padmavat പത്മാവത് സിനിമയിൽ ദീപിക പദുകോൺ.

ന്യൂഡൽഹി∙ സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കർണിസേന. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നും നഷ്ടം സഹിക്കാൻ ഉടമകൾ തയാറാകണമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിങ് മുന്നറിയിപ്പു നൽകി.

സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണു പ്രതിഷേധം. കഴിഞ്ഞദിവസം പലയിടത്തും തിയറ്ററുകൾ നശിപ്പിച്ചിരുന്നു. ഗുജറാത്തിലെ തിയറ്ററുകളൊന്നും സിനിമ പ്രദർശിപ്പിക്കാൻ തയാറാവില്ലെന്ന് ലോകേന്ദ്ര പറഞ്ഞു. ബന്ദ് ശക്തമാക്കാൻ താൻ മുഴുവൻ സമയവും മുംബൈയിലുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു. നേരത്തെ, ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നായിക ദീപിക പദുക്കോൺ എന്നിവർക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചതും ലോകേന്ദ്രയാണ്.

കർണിസേന ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടർന്നു നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവിനുപിന്നാലെ, സിനിമ രാജ്യത്തെ ക്രമസമാധാനം തകർക്കുമെന്ന് ആരോപിച്ച് എം.എൽ.ശർമ നൽകിയ പൊതുതാൽപര്യ ഹർജിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. എന്നാൽ, കോടതി ഉത്തരവിനെ മാനിക്കാത്ത രീതിയിലാണു കർണിസേനയുടെ നീക്കം.

സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്. ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും സിനിമയ്ക്കെതിരായി നിലപാടെടുത്തിരുന്നു. ദീപികയും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അംഗീകരിച്ചതോടെയാണു പ്രദർശനാനുമതി ലഭിച്ചത്.