Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിര്‍ത്തി കടന്നും ശത്രുക്കളെ വകവരുത്തും; പാക്കിസ്ഥാനു മുന്നറിയിപ്പുമായി രാജ്നാഥ് സിങ്

rajnath-singh കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

ലക്നൗ∙ ജമ്മു–കശ്മീരിൽ പാക്കിസ്ഥാന്റെ വെടിനിർ‌ത്തല്‍ കരാർ ലംഘനത്തിനു ശക്തമായ താക്കീതുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയിലെത്തുന്ന ശത്രുക്കളെ മാത്രമല്ല വേണ്ടിവന്നാൽ അതിര്‍ത്തി കടന്നു ശത്രുക്കളെ വകവരുത്താനും ഇന്ത്യയ്ക്കാകുമെന്നു ലക്നൗവിൽ രാജ്നാഥ് സിങ് വ്യക്തമാക്കി.

അതിർത്തി കടന്ന് ആക്രമണം നടത്താനാകുമെന്ന് ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. അയൽ രാജ്യവുമായി നല്ല ബന്ധം ഉണ്ടാക്കാനാണ് ഇന്ത്യയ്ക്കു താൽപര്യം. എന്നാൽ ഇങ്ങോട്ട് ഉപദ്രവിക്കുന്നതു നിർത്താതെ അത് സാധ്യമാകില്ലെന്നും പാക്കിസ്ഥാനു രാജ്നാഥ് സിങ് മറുപടി നൽകി.

ആരുടെ മുൻപിലും ഇന്ത്യയുടെ തല കുനിയാൻ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സാമ്പത്തികപരമായും മുകളിലേക്കാണ് പോകുന്നത്. രാജ്യാന്തരതലത്തിൽ സാമ്പത്തിക വിദഗ്ധരെല്ലാം ഇന്ത്യയെ അംഗീകരിച്ചതായും രാജ്നാഥ് സിങ് അവകാശപ്പെട്ടു.

കഴിഞ്ഞ മൂന്നു ദിവസമായി ജമ്മു കശ്മീരിലെ അഞ്ചു ജില്ലകളിലേക്ക് പാക്കിസ്ഥാൻ വെടിവയ്പു തുടരുകയായിരുന്നു. മോർട്ടാർ ഷെല്ലിങ് അടക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്തു നിന്നും പതിനായിരത്തിലധികം പേര്‍ ഒഴിഞ്ഞു പോയെന്നാണ് വിവരം. മുന്നൂറിലധികം സ്കൂളുകളും താല്‍ക്കാലികമായി അടച്ചുപൂട്ടി.

ആർഎസ് പുര മേഖലയിൽ താൽക്കാലിക ക്യാംപിൽ ആയിരത്തോളം പേർ അഭയം തേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയാണു വെടി നിർത്തൽ കരാർ ലംഘിച്ചതെന്ന പരാതിയിലാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. ഒരു മാസം മുൻ‌പ് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ പോസ്റ്റ് തകർക്കുകയും മൂന്നു പാക്ക് സൈനികരെ വധിക്കുകയും ചെയ്തിരുന്നു.