Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നാക്ക ജില്ലകള്‍ക്കായുള്ള പദ്ധതിയോട് മുഖം തിരിച്ച് കേരളം; ‘രാഷ്ട്രീയം’ കളിക്കരുതെന്ന് കേന്ദ്രം

Government of India logo

ന്യൂഡൽഹി∙ പിന്നാക്ക ജില്ലകളെ പുനരുദ്ധരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വികസന പദ്ധതിയോടു മുഖംതിരിച്ച് കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾ. കേരളത്തെക്കൂടാതെ, ബംഗാളും ഒഡീഷയുമാണ് പദ്ധതിയിൽനിന്നു വിട്ടുനിൽക്കുന്നത്. പിന്നാക്ക ജില്ലകളായി കേന്ദ്രം കണ്ടെത്തിയ 115 ജില്ലകളിൽ 14 എണ്ണം ഈ സംസ്ഥാനങ്ങളിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുത്ത ജില്ലകൾ 2022 ഓടെ വികസിത ജില്ലകളാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണിത്.

കേരളത്തിൽ വയനാട് മാത്രമാണു പിന്നാക്ക ജില്ലയായി കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. ബംഗാളിൽ തൃണമൂലും ഒഡീഷയിൽ ബിജു ജനതാദളുമാണു ഭരിക്കുന്നത്. എന്നാൽ കേരളം പോലെ ഇടതുപക്ഷം ഭരിക്കുന്ന ത്രിപുര കേന്ദ്ര പദ്ധതിയുടെ ഭാഗമായാണു പ്രവർത്തിക്കുന്നത്. 

അതേസമയം, ഈ മൂന്നു സംസ്ഥാനങ്ങളും വിഷയത്തിൽ ‘രാഷ്ട്രീയം’ കളിക്കുകയാണെന്നു ചോദ്യത്തിനു മറുപടിയായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രി റാം കൃപാൽ യാദവ് അറിയിച്ചു. പദ്ധതിയുടെ മേൽനോട്ടത്തിനായി ഓരോ ജില്ലകൾക്കും ഓരോരുത്തരെ ചുമതലക്കാരായി (പ്രഭാരി) കേന്ദ്രം നിയമിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനങ്ങളുമായി സഹകരിച്ചാവും പ്രവർത്തിക്കുക. അല്ലാതെ ആരോപണം ഉയർന്ന പോലെ സംസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹിക, സാമ്പത്തിക വികസന മാനദണ്ഡങ്ങൾ അനുസരിച്ചാണ് 115 പിന്നാക്ക ജില്ലകളെ കേന്ദ്രം കണ്ടെത്തിയത്. ഇതിൽ 35 എണ്ണം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളാണ്. 19 പിന്നാക്ക ജില്ലകളുമായി ജാർഖണ്ഡാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ 13 ജില്ലകളുമായി ബിഹാർ നിൽക്കുന്നു. 10 പിന്നാക്ക ജില്ലകളുമായി ഛത്തിസ്ഗഢ് ആണ് മൂന്നാം സ്ഥാനത്തുനിൽക്കുന്നത്. ജമ്മു കശ്മീരിൽനിന്നുള്ള ജില്ലയും ഇക്കൂട്ടത്തിലുണ്ട്.

അതിനിടെ, ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 നു ഇതിൽ ചില ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. 115 ജില്ലകളിലെ കലക്ടർമാരുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.