Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തേകാൻ വിമാനവേധ മിസൈൽ; റഷ്യയുമായി 39,000 കോടിയുടെ ആയുധ ഇടപാട്

S-400-russia റഷ്യയുടെ എസ്–400 ട്രയംഫ് വിമാനവേധ മിസൈലുകൾ. (ഫയൽ ചിത്രം)

ന്യൂഡൽ‌ഹി∙ ആകാശം കാക്കാൻ റഷ്യക്കരുത്തിനെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. റഷ്യയിൽനിന്നു എസ്–400 ട്രയംഫ് വിമാനവേധ മിസൈലുകളാണു ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ (5.5 ബില്യൺ ഡോളർ) ഇടപാടിന്റെ അന്തിമരൂപം ഉടൻ തയാറാകുമെന്നാണു റിപ്പോർട്ട്.

എസ്–400 ട്രയംഫ് വിമാനവേധ മിസൈലുകൾ ഇന്ത്യയ്ക്കു വിൽക്കാൻ തയാറാണെന്നു റഷ്യ അറിയിച്ചിരുന്നു. 2016ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ ചർച്ചയെത്തുടർന്നാണ് ഇവ വാങ്ങാൻ ധാരണയായത്. അഞ്ചെണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 54 മാസത്തിനകം കൈമാറണമെന്ന തരത്തിലാണു കരാറെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ചൈനയും എസ്–400 ട്രയംഫ് മിസൈലുകൾ വാങ്ങിയതായാണു റിപ്പോർട്ടുകൾ. റഷ്യയിൽനിന്നു ചൈനയിലേക്കു കപ്പലിലെത്തിച്ച മിസൈൽ ഭാഗങ്ങൾ പ്രവർത്തനരഹിതമായിരുന്നെന്ന വിവാദവും കഴിഞ്ഞയാഴ്ചയുണ്ടായി. കരാർ യാഥാർഥ്യമായാൽ സമീപകാലത്തു റഷ്യയുമായുള്ള ഇന്ത്യയുടെ വലിയ ആയുധ ഇടപാടുകളിൽ ഒന്നാകുമിത്. സുഖോയ് പോർവിമാനം (12 ബില്യൺ ഡോളർ), ഐഎൻഎസ് വിക്രമാദിത്യ (2.33 ബില്യൺ ഡോളർ) എന്നിവയാണു മറ്റു വലിയ ഇടപാടുകൾ.

ആകാശത്തെ രാവണൻകോട്ട

ഇന്ത്യയെ ശത്രുക്കളിൽനിന്നു സംരക്ഷിക്കാവുന്ന മികച്ച പ്രതിരോധ സംവിധാനമാണു എസ്–400 ട്രയംഫ് മിസൈൽ. കരയിൽനിന്നു ആകാശത്തിലേക്കു (എസ്‌എഎം) തൊടുക്കാവുന്ന മിസൈൽ സംവിധാനം. മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാനാകും. 1990ൽ റഷ്യ നിർമിച്ച എസ് – 300 വിമാനവേധ സംവിധാനത്തിന്റെ ശ്രേണിയിൽപ്പെടുന്നതാണു എസ്–400 ട്രയംഫ്. 2007 മുതൽ റഷ്യൻ സേനയ്ക്കൊപ്പമുണ്ട്.

നിലവിൽ ലോകത്തിലെ മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണിത്. വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ 400 കിലോമീറ്റർ അകലെവച്ചേ തകർക്കാനാകും. മൂന്നു തരത്തിലുള്ള മിസൈലുകൾ വഹിക്കാം. ഒരേസമയം 36 ലക്ഷ്യങ്ങളെ നേരിടാമെന്നതും നേട്ടമാണ്. പാക്കിസ്ഥാന്റെ മധ്യദൂര നാസർ അണവ മിസൈലുകളെ നിർവീര്യമാക്കാൻ എസ്–400നു സാധിക്കും. 

related stories