Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയുടെ മിസൈലിനെ എങ്ങനെ നേരിടും?, പരിശീലനം സംഘടിപ്പിച്ച് ജപ്പാൻ

Japan-Missile-Evacuation-Drill ജപ്പാനിൽ സംഘടിപ്പിച്ച മിസൈൽ മോക്ക് ഡ്രില്ലിൽ നിന്ന്

ടോക്കിയോ ∙ ഉത്തര കൊറിയുടെ മിസൈൽ പതിച്ചാൽ എന്തൊക്കെ രക്ഷാനടപടികൾ കൈക്കൊള്ളണമെന്നതിൽ പരിശീലനം ശക്തമാക്കി ജപ്പാന്‍. മിസൈൽ പതിച്ചാൽ ജനത്തെ സബ്‍ വേ സ്റ്റേഷനുകളിലേക്കും ഭൂമിക്കടിയിലെ കെട്ടിടങ്ങളിലേക്കും മാറ്റി സുരക്ഷിതരാക്കാനാണ് പദ്ധതി. മുന്നൂറോളം സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കിയാണ് ടോക്കിയോ ഡോം ബേസ്ബോള്‍ സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഇതാദ്യമായാണ് ഉത്തര കൊറിയൻ ഭീഷണി നേരിടുന്നതിനു ജപ്പാൻ മോക്ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. 

അതേസമയം, ഇത്തരം മോക് ഡ്രില്ലിനെതിരെ പ്രതിഷേധവുമായെത്തിയവർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഇത്തരം സംഭവങ്ങൾ ജനത്തിൽ ഭീതി വളർത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ദക്ഷിണ കൊറിയയിൽ അടുത്ത മാസം നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയയും പങ്കെടുക്കുന്നുണ്ട്. ഇതോടെ മേഖലയിലെ സംഘർഷം വലിയ തോതിൽ അയയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതു വിശ്വാസത്തിലെടുക്കാൻ ജപ്പാൻ തയ്യാറായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങൾ.

Japan Missile Evacuation Drill മോക്ക് ഡ്രില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽനിന്ന്

അടിയന്തര സാഹചര്യങ്ങൾ മറികടക്കുന്നതിന് ഇത്തരം നടപടികൾ സ്വീകരിച്ചേ മതിയാകുവെന്നാണ് ജപ്പാന്‍ സർക്കാരിന്റെ നിലപാട്. ഉത്തര കൊറിയയുടെ മിസൈൽ ജപ്പാനിലെത്താൻ പത്തു മിനിറ്റു സമയം മാത്രം മതി. മിസൈൽ വിക്ഷേപണം നടത്തി മൂന്നു മിനിറ്റുകഴിഞ്ഞാലെ ആദ്യ അറിയിപ്പു ലഭിക്കുകയുള്ളു. ബാക്കിയുള്ള സമയത്തിലാണ് സുരക്ഷിതമായ ഒരു സ്ഥാനം കണ്ടെത്തി ജനങ്ങളെ അങ്ങോട്ടുമാറ്റേണ്ടതെന്ന് ജാപ്പനീസ് സർക്കാർ വക്താവ് ഹിരോയുകു സുവനെഗ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ വികസിപ്പിച്ചു. നവംബറിൽ ഉത്തര കൊറിയ പരീക്ഷിച്ച ഒരു മിസൈൽ കടന്നുപോയത് ജപ്പാനു മുകളിലൂടെയായിരുന്നു. ഉത്തര കൊറിയയുടെ മിസൈലുകളെ തകർക്കാനാകുന്ന പ്രതിരോധ സംവിധാനങ്ങൾക്കു പുറമെ നൂതന ആയുധങ്ങൾ വാങ്ങിക്കൂട്ടാനും ജപ്പാൻ പദ്ധതിയിടുന്നു.