Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കണം, പരിഹാരം വേണം: ജസ്റ്റിസ് ചെലമേശ്വർ

Justice Jasti Chelameswar ജസ്റ്റിസ് ജെ.ചെലമേശ്വർ.

ന്യൂഡല്‍ഹി∙ സുപ്രീംകോടതിയിലെ പ്രതിസന്ധി നീണ്ടു പോകുന്നതിനെതിരെ ജസ്റ്റിസ് ജെ.ചെലമേശ്വർ. സുപ്രീംകോടതിയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്നു ശാശ്വത പരിഹാരമുണ്ടാക്കണമെന്നു ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. ഡൽ‌ഹിയിൽ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു പക്ഷപാതമില്ലാത്തതും സ്വതന്ത്രവും നീതിപൂര്‍ണവുമായ നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു സുപ്രീംകോടതിയിലെ വിധിപ്രസ്താവങ്ങള്‍. സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. തുടർച്ചയായ പ്രക്രിയയാണിത്. ജുഡീഷ്യറിയിൽ നിരന്തരമായ പരിശോധന ആവശ്യമാണ്. ജനസംഖ്യയുടെ എട്ടിലൊന്നു ആളുകൾ ജുഡീഷ്യറിയുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ട്’– ചെലമേശ്വർ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തിറങ്ങിയ ജഡ്മാരിൽ ഉൾപ്പെട്ടയാളാണു ചെലമേശ്വർ. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരാണു മറ്റുള്ളവർ. വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ ജഡ്ജിമാർക്കു വീതിച്ചു നൽകുന്നതിൽ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നാണു മുതിർന്ന ജഡ്ജിമാരുടെ വിമർശനം. 

ഇതുമായി ബന്ധപ്പെട്ടു കൃത്യമായ മാർഗരേഖ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രഖ്യാപിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടെങ്കിലും സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുകയാണ്. ജഡ്ജിമാർ മുന്നോട്ടുവച്ച പരിഹാര നിർദേശങ്ങളെക്കുറിച്ചും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിട്ടില്ല. സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാരിൽ പലരും പ്രതിഷേധിച്ച ജഡ്ജിമാരെ പിന്തുണയറിയിച്ചതായി സൂചനയുണ്ട്.