Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയപ്രഖ്യാപനം പൊള്ളയെന്നു കുമ്മനം; ഗവര്‍ണറുടെ നടപടി ശ്ലാഘനീയമെന്നു വി. മുരളീധരൻ

Kummanam Rajasekharan ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

തിരുവനന്തപുരം∙ ഗവർണർ പി.സദാശിവം നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രതികരണവുമായി ബിജെപി നേതാക്കൾ. പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണു നയപ്രഖ്യാപന പ്രസംഗമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാവിരുദ്ധമായ നിയപാടുകളോടു യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്നു ദേശീയ നിര്‍വാഹകസമിതിയംഗം വി.മുരളീധരൻ പറഞ്ഞു.

കുമ്മനം രാജശേഖരൻ പറഞ്ഞത്:

ന്യായാധിപന്‍കൂടിയായ ഗവര്‍ണര്‍ പി.സദാശിവത്തെകൊണ്ടു നുണ പറയിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപലപനീയമാണ്. ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി എന്നാരോപിച്ചു ചിലര്‍ വലിയ അപരാധമായി കൊട്ടിഘോഷിക്കുകയാണ്. സര്‍ക്കാര്‍ തയാറാക്കുന്ന പ്രസംഗങ്ങളില്‍ ചിലത് ഒഴിവാക്കുന്നതു പുതിയ കാര്യമല്ല. പ്രസംഗം വായിച്ചതായി കണക്കാക്കണമെന്നുപറഞ്ഞു മേശപ്പുറത്തുവച്ച ചരിത്രവുമുണ്ട്. കേരളത്തിലെ ഇടതുമുന്നണിയുടെ 20 മാസത്തെ ഭരണം ജനങ്ങള്‍ക്കു സംതൃപ്തിയും സമാധാനവും നല്‍കിയെന്ന വാദം അസംബന്ധമാണ്.

അഴിമതിയും കെടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണു സര്‍ക്കാരിന്റെ മുഖമുദ്ര. എന്നിട്ടും മികവിന്റെ കാലഘട്ടമെന്നവാദം പുച്ഛത്തോടെയാണു ജനങ്ങള്‍ കേട്ടത്. ജിഎസ്ടിക്കെതിരായ ഒളിയമ്പും ആക്ഷേപങ്ങളും കഥയറിയാതെ ആട്ടം കാണുന്നതിനു സമമാണ്. കേരളംകൂടി ഉള്‍പ്പെട്ട കൗണ്‍സിലാണ് ഏതൊക്കെ രീതിയിലാണു ജിഎസ്ടി നടപ്പാക്കേണ്ടതെന്നു നിശ്ചയിക്കുന്നത്. ജിഎസ്ടി ജനങ്ങള്‍ക്കു വലിയ നേട്ടമുണ്ടാക്കുമെന്നു സാമ്പത്തിക വിദഗ്ധരെല്ലാം വിലയിരുത്തുന്നു. അതു ഭംഗിയായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനുപകരം ഇടങ്കോലിടാനുള്ള ശ്രമം അപലപനീയമാണ്.

വി.മുരളീധരൻ പറഞ്ഞത്:

v-muralidharan-2 വി.മുരളീധരൻ

നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാവിരുദ്ധമായ നിയപാടുകളോടു യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണ്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം യാഥാര്‍ഥ്യബോധമില്ലാത്ത നിലപാടുകളോടു യോജിക്കാതിരിക്കാനുള്ള ഗവര്‍ണറുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതേപടി ആവര്‍ത്തിക്കാനുമുള്ള പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ തരംതാഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍.

സര്‍ക്കാരിന്റെ ഈ ശ്രമത്തിനു ഗവര്‍ണര്‍ കൂട്ടുനിന്നില്ലെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. മന്ത്രിസഭാ തീരുമാനം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ മന്ത്രിസഭ, രാജ്യത്തിന്റെ പൊതുനിലപാടുകള്‍ക്കും ജനാധിപത്യപരമായി വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനുമെതിരെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച അഭിപ്രായം പറയാതിരുന്നതിലൂടെ ഗവര്‍ണര്‍ ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുകയാണു ചെയ്തത്. ഇതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

related stories