Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിപ്പിൽ സൂചികകൾ; സെൻസെക്സ് 35,798 ൽ, നേട്ടത്തിൽ ഒഎൻജിസി

bse-22012018

മുംബൈ ∙ രാജ്യത്തെ മുൻനിര ഓഹരിസൂചികകൾ തുടർച്ചയായി കുതിപ്പിന്റെ പാതയിൽ. വിദേശധനകാര്യസ്ഥാപനങ്ങൾ വിപണിയിൽ മുതലിറക്കുന്നതിനൊപ്പം ആഭ്യന്തര ഓഹരി നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്കു തുണയാകുന്നത്.

ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 286.43 പോയിന്റ് ഉയർന്ന് 35,798.01 എന്ന റെക്കോർഡ് തലത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 71.50 പോയിന്റ് നേട്ടത്തിൽ 10,966.20 ൽ വ്യാപാരം അവസാനിപ്പിച്ചു.

രാജ്യത്തെ എണ്ണ പ്രകൃതിവാതക രംഗത്ത് സർക്കാർ ഉടമസ്ഥതയിലുള്ള മുൻനിര കമ്പനിയായ ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപ്പറേഷൻ(ഒഎൻജിസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ(എച്ച്പിസിഎൽ) 51.11 %  ഓഹരികൾ(77,88,45,375 എണ്ണം) 3,915 കോടി രൂപയ്ക്കു വാങ്ങുന്ന വാർത്തകൾ ഒഎൻജിസി ഓഹരിവിലയ്ക്കു കുതിപ്പേകി. ഒഎൻജിസി ഓഹരികൾ ആറു ശതമാനം നേട്ടത്തിൽ ഒരുവേള 206 രൂപ വരെയെത്തി. അതേസമയം എച്ച്പിസിഎൽ ഓഹരികൾ 3.55 % ഇടിവിൽ 401.75 രൂപയിലാണ് വ്യാപാരം തുടർന്നത്.

ചരക്കുസേവനനികുതിയിൽ(ജിഎസ്ടി) സർക്കാർ ചില മേഖലകൾക്കു നൽകിയ ഇളവാണ് കുതിപ്പിനു കൂടുതൽ ആക്കം പകരുന്നത്. വ്യാപാരത്തിനിടെ ഒരു വേള എക്കാലത്തെയും ഉയർന്ന തലമായ 35,827.70 ൽ എത്തി ശേഷമാണ് ക്ലോസിങ്ങിൽ പുത്തൻ റെക്കോർഡുമായി സെൻസെക്സിലെ ഓളങ്ങൾ അടങ്ങിയത്.

വിപണി വെള്ളിയാഴ്ച രേഖപ്പെടുത്തിയ 35,511.58 എന്ന ക്ലോസിങ്ങിലെ റെക്കോർഡാണ് ഇന്ന് തിരുത്തിയെഴുതപ്പെട്ടത്. പിന്നിട്ട മൂന്നു സെഷനുകളിൽ 740.53 പോയിന്റിന്റെ നേട്ടമാണ് സെൻസെക്സിനുണ്ടായത്. 

പിന്നിട്ട സെഷനിൽ 988.25 കോടിയുടെ ഓഹരികൾ വിദേശധനസ്ഥാപനങ്ങൾ വാങ്ങിയപ്പോൾ ആഭ്യന്തര ധനസ്ഥാപനങ്ങൾ 209.86 കോടിയുടെ ഓഹരികളാണ് വാങ്ങിയതെന്ന് വിപണിയിലെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്) ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയിൽ മൂവായിരം രൂപയ്ക്കു മേൽ മൂല്യത്തിലെത്തി. മൈൻഡ്ട്രീ, എൻഐഐടി ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ് ഐടി ഓഹരികളിൽ നേട്ടമുണ്ടാക്കിയത്. അതേസമയം, വിപ്രോ ഓഹരികൾ 3.6 ശതമാനം ഇടിവുണ്ടായി.

നിഫ്റ്റിയിൽ ലിസ്റ്റു ചെയ്ത 27 ഓഹരികൾ കുതിപ്പു കാട്ടിയപ്പോൾ 23 കമ്പനികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ് മേഖലയിൽ യെസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോൾ ഐസിഐസിഐ ബാങ്ക്, എസ്ബിഐ, പിഎൻബി ഓഹരികളിൽ ഇടിവുണ്ടായി.