Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിന്തൽമണ്ണയിൽ യുഡിഎഫ് ഹർത്താൽ പൂർണം; പലയിടങ്ങളിലും സംഘർഷം

Harthal Perinthalmanna സമരാനുകൂലികൾ രാമപുരത്ത്‌ ടയർ കത്തിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ. ചിത്രം: മനോരമ

പെരിന്തൽമണ്ണ∙ എസ്എഫ്ഐ പ്രവർത്തകർ പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പെരിന്തൽമണ്ണ താലൂക്കിൽ പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ഒട്ടേറെ അക്രമ സംഭവങ്ങളാണ് ഹർത്താൽ ദിനത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

malappuram-incident മുസ്‌ലിം ലീഗിന്റെ ഓഫിസ് അടിച്ചുതകർത്ത നിലയിൽ. ചിത്രം: മനോരമ

ഹർത്താലിനിടെ യുഡിഎഫ് പ്രവർത്തകർ പെരിന്തൽമണ്ണ നഗരസഭാ ഓഫിസ് അടിച്ചുതകർത്തു. നഗരസഭാധ്യക്ഷന്റെ കാർ നശിപ്പിച്ച പ്രവർത്തകർ, ഓഫിസ് ചുറ്റുമതിലും തകർത്തു. മക്കരപ്പറമ്പിൽ മുസ്‌ലിം ലീഗ് – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം ഒഴിവാക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കൂട്ടിലങ്ങാടിയിൽ ജില്ലാ പൊലീസ് മേധാവിയുടെ വാഹനം തടഞ്ഞു. ജില്ലയിലെ വിവിധ കോളജുകളിൽ എസ്എഫ്ഐ–എംഎസ്എഫ് സംഘർഷമുണ്ടായി.

ഹർത്താലിൽ പരക്കെ വാഹനങ്ങൾ തടഞ്ഞു. മാധ്യമപ്രവർത്തകർക്കു മർദനമേറ്റു. സമരക്കാർ ദീർഘദൂര യാത്രക്കാരെപ്പോലും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. കോഴിക്കോട് – പാലക്കാട് ബസുകൾ പെരിന്തൽമണ്ണ നഗരം ഒഴിവാക്കി മലപ്പുറം – ആനക്കയം– പന്തല്ലൂർ – പാണ്ടിക്കാട് – മേലാറ്റൂർ വഴിയാണ് സർവീസ് നടത്തിയത്. തിരക്കേറിയ അങ്ങാടിപ്പുറം ജംക്‌ഷനിൽ യുഡിഎഫ് പ്രവർത്തകർ തടിച്ചുകൂടി വാഹനങ്ങൾ തടഞ്ഞു. ചില വാഹനങ്ങൾ മലപ്പുറത്തുനിന്നു പൊലീസ് വഴിതിരിച്ചുവിട്ടു.

രാമപുരത്ത് രാവിലെ റോഡിൽ ടയർ കൂട്ടിയിട്ടിച്ചു കത്തിച്ചു ഗതാഗതം തടസപ്പെടുത്തി. മങ്കട, കുറുവ, പഴമവള്ളൂർ എന്നിവിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പെരിന്തൽമണ്ണയിൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ മുഹമ്മദ് നൗഫലിനെയും ക്യാമറമാൻ പി.വി.സന്ദീപിനെയും ഹർത്താൽ അനുകൂലികൾ മർദിച്ചു. മക്കരപ്പറമ്പ് ഭാഗത്ത് മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞിട്ടു. പലയിടങ്ങളിലും പൊലീസിനെ സാക്ഷി നിർത്തിയാണ് ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്‌.

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളജിൽ ഉടലെടുത്ത എംഎസ്എഫ് – എസ്എഫ്ഐ സംഘർഷമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ച് മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫിസ് തകർക്കുന്നതു വരെയെത്തിയത്. ഇതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മങ്കട സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ലീഗ് പ്രവർത്തകർ തകർത്തിരുന്നു.