Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒളിപിംക്സ് നയതന്ത്ര’ത്തിന് തിരിച്ചടി; കിമ്മിന്റെ ചിത്രം കത്തിച്ച് ദക്ഷിണ കൊറിയക്കാർ

Kim-Jong-Un-South-Korea ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ കത്തിച്ച് പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ.

സോള്‍∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ‘ഒളിപിംക്സ് നയതന്ത്ര’ത്തിനെതിരെ ദക്ഷിണ കൊറിയയിൽ പ്രതിഷേധം. ശീതകാല ഒളിംപിക്സിനു മുന്നോടിയായി ദക്ഷിണ കൊറിയയിൽ എത്തിയ ഉത്തര കൊറിയയുടെ പ്രത്യേക സംഘത്തിനാണു പ്രതിഷേധക്കാരെ നേരിടേണ്ടി വന്നത്. കിം ജോങ് ഉന്നിന്റെ വലിയ ചിത്രങ്ങൾ കത്തിച്ചായിരുന്നു പ്രതിഷേധം.

ഹ്യോൻ സോങ് വോൾ നയിക്കുന്ന ഉത്തര കൊറിയയിലെ പ്രശസ്ത വനിതാ ബാൻഡ് ‘മോറൻബോങി’നെയാണു സമാധാന ദൗത്യത്തിന്റെ ഭാഗമായി കിം ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. രണ്ടു വർഷത്തിനുശേഷം ഇരു കൊറിയകളും സഹകരിക്കുന്ന ആദ്യ സന്ദർഭമായതിനാലും താരമൂല്യമുള്ള ഹ്യോൻ സോങ് വോൾ വരുന്നതിനാലും വൻ മാധ്യമപ്പട ചടങ്ങിന് എത്തിയിരുന്നു. ഒളിംപിക്സിലെ കലാപരിപാടികളുടെ ചുമതലയും ഹ്യോൻ സോങ് വോളിനാണ്. എന്നാൽ പ്രതീക്ഷിച്ചത്ര ആവേശ സ്വീകരണമല്ല മറിച്ച്, പ്രതിഷേധച്ചൂടാണു ലഭിച്ചതെന്നാണു റിപ്പോർട്ടുകൾ.

ഉത്തര കൊറിയയുടെ മൽസരങ്ങൾ നിശ്ചയിച്ചിട്ടുള്ള വേദികളിലായിരുന്നു സംഘത്തിന്റെ സന്ദർശനം. യാത്രയ്ക്കിടയിൽ ഇരുന്നൂറോളം ആക്ടിവിസ്റ്റുകളുടെ റാലികളാണ് ഇവരെ സ്വീകരിച്ചത്. ‘കിം ജോങ് ഉന്നിന്റെ പ്യോങാങ് ഒളിംപിക്സിനെ ഞങ്ങളെതിർക്കുന്നു’ എന്നായിരുന്നു റാലിയിലെ മുദ്രാവാക്യം. പ്രതിഷേധക്കാരെ പൊലീസ് തുരത്തിയോടിച്ചു.

മടങ്ങിയെത്തിയ ആക്ടിവിസ്റ്റുകൾ കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ‌ കൂട്ടമായി കത്തിക്കുകയായിരുന്നു. സമരക്കാരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി യോൻഹാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒളിംപിക്സ്‍ മാർച്ചില്‍ ‘ഐക്യ കൊറിയയുടെ’ പതാകയ്ക്കു കീഴിൽ അണിനിരക്കാനും വനിതാ ഐസ് ഹോക്കി മൽസരത്തിൽ സംയുക്ത ടീമിനെ ഇറക്കാനും ഇരു കൊറിയകളും തീരുമാനിച്ചിരുന്നു.