Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിനു സിപിഎം; ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും

sitaram-yechury സീതാറാം യച്ചൂരി

ന്യൂഡൽഹി∙ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആലോചിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ചയിലാണ്. ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കും. നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നു സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പരമോന്നത നീതിപീഠത്തെ തിരുത്തുകയെന്നതു മാത്രമേ മുന്നിലുള്ള പോംവഴിയെന്നും യച്ചൂരി കൂട്ടിച്ചേർത്തു.

സമാനതകളില്ലാത്ത സംഭവവികാസത്തിൽ, രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ചതു നാല് മുതിർന്ന ജഡ്ജിമാരാണ്. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവർത്തന രീതികളോടുള്ള എതിർപ്പ് തുറന്നടിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവച്ച് വാർത്താസമ്മേളനം വിളിച്ചത്.  

related stories