Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറമ്പിക്കുളം–ആളിയാര്‍: കരാറനുസരിച്ചുള്ള ജലം തമിഴ്നാട് തന്നില്ലെന്നു മുഖ്യമന്ത്രി

parambikulam-13 പറമ്പിക്കുളം. (ഫയൽചിത്രം)

തിരുവനന്തപുരം∙ പറമ്പിക്കുളം ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരം കേരളത്തിനു ലഭിക്കേണ്ട ജലം മുഴുവനായും തമിഴ്നാട് തന്നിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണക്കടവ് വിയറില്‍ ചിറ്റൂര്‍ പുഴപ്രദേശത്തേക്കുവേണ്ടി ഒരു വർഷം 7.25 ടിഎംസി അടി ജലമാണു ലഭിക്കേണ്ടത്. എന്നാൽ നടപ്പു ജലവർഷത്തിൽ ജനുവരി 23 വരെ 4.725 ടിഎംസി മാത്രമേ ലഭിച്ചിട്ടുള്ളു. 2018 ജൂണ്‍ 30നകം 2.525 ടിഎംസി ജലം ഇനിയും ലഭിക്കാനുണ്ട്. എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടി, ബി.ഡി.ദേവസി എന്നിവരുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജലവര്‍ഷത്തിന്റെ തുടക്കം മുതല്‍ ജലസേചന വകുപ്പും സര്‍ക്കാരും കരാര്‍ പ്രകാരമുള്ള ജലം ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും നിരവധി കത്തുകള്‍ തമിഴ്‌നാടിന് അയച്ചു. ജലം ലഭ്യമാക്കാമെന്ന് സമ്മതിക്കുകയും ഏറെക്കുറെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാര്‍ പങ്കെടുത്തുകൊണ്ട് അന്തര്‍സംസ്ഥാന നദീജല വിഷയങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടന്നു. ഇതിന്റെയൊപ്പം നടന്ന സമാന്തര യോഗത്തിൽ, കേരളത്തിനു ചിറ്റൂര്‍ പുഴ പദ്ധതിയിലേക്കു 2018 ഫെബ്രുവരി 15 വരെ 400 ക്യൂസെക്‌സ് തോതില്‍ ജലം മണക്കടവില്‍ ലഭ്യമാക്കാമെന്നു സമ്മതിച്ചിരുന്നു.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ ഓരോ 30 വര്‍ഷം കൂടുമ്പോഴും ഉഭയകക്ഷി സമ്മതപ്രകാരം പുനരവലോകനം ചെയ്യാൻ വ്യവസ്ഥയുണ്ട്. പുനരവലോകന പ്രക്രിയ സജീവമായി മുന്നോട്ടുകൊണ്ടുപോകാനാണു പൊതുവെ ധാരണയായത്. ഫെബ്രുവരി 10ന് ചെന്നൈയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന സെക്രട്ടറിതല തുടര്‍ചര്‍ച്ചയിലും ഇക്കാര്യത്തില്‍ മുഖ്യപരിഗണന നല്‍കുമെന്നും പിണറായി വ്യക്തമാക്കി.

related stories