Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമവിലക്ക് നീക്കി; സൊഹ്റാബുദീൻ കേസിന്റെ വിചാരണ റിപ്പോർട്ട് ചെയ്യാം

Television Mike - Journalism

മുംബൈ ∙ സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കിയ കീഴ്ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരും മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ യൂണിയനും നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയ നടപടിയിലൂടെ പ്രത്യേക സിബിഐ കോടതി അതിന്റെ അധികാര പരിധി ലംഘിച്ചതായി ഹർജി പരിഗണിച്ച ജസ്റ്റിസ് രേവതി മോഹിത്–ദേരെ നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ഹൈക്കോടതികൾക്കും സുപ്രീംകോടതിക്കും മാത്രമേയുള്ളൂവെന്നും ഇവർ വ്യക്തമാക്കി.

കുറ്റാരോപിതരുടെയും സാക്ഷികളുടെയും, കേസിൽ വാദികൾക്കായും പ്രതികൾക്കായും ഹാജരാകുന്ന അഭിഭാഷകരുടെയും സുരക്ഷ ചൂണ്ടിക്കാട്ടിയാണ് 2017 നവംബർ 29ന് സൊഹ്റാബുദീൻ കേസിന്റെ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് പ്രത്യേക സിബിഐ കോടതി മാധ്യമങ്ങളെ വിലക്കിയത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ആരോപണശരം നേരിട്ട കേസാണ് സൊഹാറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്. സൊഹ്റാബുദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഹൈദരാബാദിൽ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണു കേസ്.

സംഭവത്തിനു സാക്ഷിയായ തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തിൽ 2006 ഡിസംബറിൽ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസും സൊഹ്റാബുദീൻ കേസും ഒരുമിച്ചാക്കാൻ 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളിൽ 15 പേരെ കോടതി വിട്ടയച്ചു. ഇതിൽ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.