Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരൺ ബേദിയുടെ ‘പ്രവർത്തനം’ ശരിയല്ല; വിരുന്ന് ബഹിഷ്കരിച്ച് അണ്ണാ ഡിഎംകെ

Kiran Bedi

പുതുച്ചേരി∙ ലഫ്.ഗവർണർ കിരണ്‍ ബേദിക്കെതിരെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് അണ്ണാ ഡിഎംകെ എംഎൽഎമാർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ വിളിച്ചു ചേർത്ത വിരുന്നിൽ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നാണ് എംഎൽഎമാരുടെ പ്രതിഷേധം. കിരൺ ബേദിയുടെ പ്രവർത്തന രീതി ശരിയല്ലെന്ന് ആരോപിച്ചായിരുന്നു വിരുന്നിൽ നിന്ന് അണ്ണാഡിഎംകെ പ്രവർത്തകർ വിട്ടുനിന്നത്. പാർട്ടി നിയമസഭാ കക്ഷി നേതാവായ എ.അൻപഴകൻ നാല് എംഎൽഎമാർ വിട്ടുനിന്ന കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 

പ്രധാന പ്രതിപക്ഷമായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്(എഐഎൻആർസി) എംഎൽഎമാരും വിരുന്നിൽ നിന്നു വിട്ടു നിന്നത് ശ്രദ്ധേയമായി. എന്നാൽ എന്തുകൊണ്ടാണ് വിരുന്ന് ഉപേക്ഷിച്ചതെന്നതിന്റെ വിശദീകരണം പാർട്ടി ഇതുവരെ നൽകിയിട്ടില്ല. നേരത്തേ ഭരണപക്ഷത്തു നിന്ന് കോൺഗ്രസിന്റെയും അണ്ണാഡിഎംകെയുടെയും ആരോപണങ്ങൾ കിരൺ ബേദിക്കു നേരെ ഉയർന്നപ്പോൾ എഐഎൻആർസി പ്രതിരോധിച്ചിരുന്നു. ബിജെപിയോടു ചേർന്നായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിന വിരുന്നിലെ അസാന്നിധ്യം ചോദ്യചിഹ്നമാകുന്നത്. 

കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള വിരുന്നില്‍ നിന്ന് കോൺഗ്രസ്, എഐഎൻആർസി എംഎൽഎമാർ വിട്ടുനിന്നിരുന്നു. അന്ന് മുഖ്യമന്ത്രി വി.നാരായണസാമി മാത്രം ഹ്രസ്വസന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ബിജെപി എംഎൽഎമാരും അന്നു പങ്കെടുത്തു. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും എംഎൽഎമാരെ നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ടും ഗവർണറും ഭരണപക്ഷവും കൊമ്പു കോർക്കുന്നത് പതിവായിരുന്നു. 2016ൽ സ്ഥാനമേറ്റതു മുതൽ ഈ ശീതസമരമുണ്ട്. 

ബേദിയെ ഹിറ്റ്‌ലറാക്കി ചിത്രീകരിച്ച് കോൺഗ്രസ് പോസ്റ്റർ പുറത്തിറക്കിയതും വിവാദമായിരുന്നു. ബിജെപിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി.സ്വാമിനാഥന്‍, ട്രഷറര്‍ കെ.ജി.ശങ്കര്‍, എസ്.ശെല്‍വഗണപതി എന്നീ മൂന്നു ബിജെപി നേതാക്കളെയാണ് ബേദിയും കേന്ദ്രവും നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഇതു പുതുച്ചേരി സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണെന്ന് ആരോപിച്ചാണ് കോൺഗ്രസിന്റെ പ്രധാന പ്രതിഷേധം.

പുതുച്ചേരിയിലെ ബേദിയുടെ ‘ജനാധിപത്യവിരുദ്ധ’ നയങ്ങൾക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകുമെന്നും മുഖ്യമന്ത്രി നാരായണസാമി പറഞ്ഞിരുന്നു. ദൈനംദിന ഭരണത്തിൽ ലഫ്.ഗവർണർ അനാവശ്യമായി കൈകടത്തുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.