Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട്ട് ദമ്പതികൾ വിറ്റ കുഞ്ഞിനെ ഈറോഡിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

new-born-baby Representative Image

കോയമ്പത്തൂർ ∙ പാലക്കാട് കുനിശ്ശേരിയിൽ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭർത്താവും ഭർതൃമാതാവും ചേർന്നു വിറ്റ പെൺകുഞ്ഞിനെ തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് കണ്ടെത്തി. കുഞ്ഞിനെ പൊലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. കുഞ്ഞിനെ വാങ്ങിയെന്നു കരുതുന്ന ജനാർദ്ദനൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. 

കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ചേർന്നാണ് ഇടപാട് നടത്തിയതെന്നായിരുന്നു വിവരം. 

ക്രിസ്മസ് ദിനത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഭർതൃമാതാവിന്റെ കൂടി നിർദ്ദേശപ്രകാരം വിറ്റതായാണ് കേസ്. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഈ ദമ്പതികൾക്കു നാലു കുട്ടികൾ കൂടിയുണ്ട്. മറ്റു നാലുമക്കളെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് കുഞ്ഞിന്റെ മാതാവ് പറഞ്ഞത്.

സംഭവം വാർത്തയായതോടെ ഒളിവിൽപോയ രാജിനെ പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആലത്തൂര്‍ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പ്രസവത്തിനു പോയ യുവതി കുഞ്ഞിനെ ഒപ്പം കൂട്ടാതെ മടങ്ങിയതിനെത്തുടർന്ന് പ്രദേശവാസികൾ സമീപത്തെ അംഗനവാടി അധികൃതരെ വിവരം അറിയിച്ചതോടെ സാമൂഹികനീതി വകുപ്പാണ് പൊലീസിൽ പരാതി സമർപ്പിച്ചത്.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം കേരളം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, കേന്ദ്ര വനിതാ ശിശു മന്ത്രാലയ സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. കുഞ്ഞിനെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇതു സംബന്ധിച്ചു നൽകിയ നോട്ടീസിൽ പറയുന്നു.